അന്ന് സിദ്ധരാമയ്യ ഭയന്നുപോയി, ഞാന്‍ ആയിരുന്നെങ്കില്‍ ആ പദ്ധതിയുമായി മുന്നോട്ടുപോയേനെ- ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള പടലപ്പിണക്കം അവസാനിച്ചിട്ടില്ലെന്ന് സൂചന. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഈയടുത്ത് നടത്തിയ ഒരു പ്രസ്താവനയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്.
2013-18 കാലത്ത് മുഖ്യമന്ത്രിയായിരിക്കേ സിദ്ധരാമയ്യ നടപ്പാക്കാന്‍ ഭയന്ന ഒരു പദ്ധതി, താന്‍ ആയിരുന്നെങ്കില്‍ നടപ്പാക്കുമായിരുന്നു എന്നാണ് ശിവകുമാര്‍ പറഞ്ഞത്. കെമ്പഗൗഡ ഒന്നാമന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഡി.കെയുടെ പരാമര്‍ശം.
ടണലുകളും ഫ്‌ലൈ ഓവറുകളും നിര്‍മിക്കാന്‍ തനിക്ക് നിരവധി അഭ്യര്‍ഥനകള്‍ ലഭിക്കാറുണ്ടെന്ന് ചടങ്ങില്‍ ശിവകുമാര്‍ പറഞ്ഞു. ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ സൂചിപ്പിക്കവേ അദ്ദേഹം ഇങ്ങനെകൂടി പറഞ്ഞു: 2017-ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയും ബെംഗളൂരു നഗരവികസന മന്ത്രിയായിരുന്ന കെ.ജെ. ജോര്‍ജും നഗരത്തില്‍ ഒരു സ്റ്റീല്‍ ഫ്‌ലൈ ഓവറിന് എതിരേ ഉയര്‍ന്ന പ്രതിഷേധങ്ങളില്‍ ഭയന്നിരുന്നു. ഞാന്‍ ആയിരുന്നുവെങ്കില്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ അത്തരം ശബ്ദങ്ങള്‍ക്ക് കീഴ്‌പ്പെടില്ലായിരുന്നു, പദ്ധതിയുമായി മുന്നോട്ടു പോകുമായിരുന്നു.
സര്‍ക്കാര്‍ രൂപവത്കരിച്ച് ഒരുമാസം കഴിയുന്ന വേളയിലാണ് കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ കൂടിയായ ശിവകുമാറിന്റെ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും മുഖ്യമന്ത്രിയാര് എന്നതിനെച്ചൊല്ലി വലിയ അനിശ്ചിതത്വം കര്‍ണാടകയില്‍ രൂപപ്പെട്ടിരുന്നു.
ഹൈക്കമാന്‍ഡിന്റെ മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രിസ്ഥാനവും ശിവകുമാറിന് ഉപമുഖ്യമന്ത്രിസ്ഥാനവും നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ കെ.പി.സി.സി. അധ്യക്ഷസ്ഥാനവും ശിവകുമാറിന് നല്‍കാമെന്നും ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ ഉണ്ടായിരുന്നു.