ബലാത്സംഗം സ്ഥിതീകരിക്കാൻ ബീജത്തിന്റെ അംശം വേണ്ട, ലൈംഗിക ബന്ധം തെളിഞ്ഞാൽ മതി -ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ബലാത്സംഗം സ്ഥിതീകരിക്കാൻ ലൈംഗിക ബന്ധം നടന്നതായി തെളിഞ്ഞാൽ മതിയെന്ന് ഡൽഹി ഹൈകോടതി. വിദേശ വനിതയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികൾക്ക് 20 വർഷം വീതം തടവുശിക്ഷ വിധിച്ചാണ് കോടതിയുടെ നിർണായക നിരീക്ഷണം. ഡി.എൻ.എ പരിശോധനയിൽ ബീജത്തിന്റെ അംശം കണ്ടെത്താനായില്ലെങ്കിലും ബലാത്സംഗം ചെയ്യപ്പെട്ടെന്ന ഇരയുടെ വാദം തെറ്റാണെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, പ്രതികൾക്ക് വിചാരണ കോടതി വിധിച്ച 30 വർഷത്തെ തടവുശിക്ഷ ഹൈകോടതി 20 വർഷമായി കുറച്ചു. ഒരാൾ വിവാഹിതനല്ലെന്നും മറ്റൊരാൾക്ക് മാതാപിതാക്കളെയും കുട്ടികളെയും നോക്കാനുണ്ടെന്നതും പ്രതികൾക്ക് സ്വഭാവമാറ്റത്തിന് സാധ്യതയുണ്ടെന്നും പരിഗണിച്ചാണ് ജസ്റ്റിസ് മുക്ത ഗുപ്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.
ബലാത്സംഗ കേസിൽ വിചാരണ കോടതി വിധിച്ച 30 വർഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികളായ രാജ്കുമാർ, ദിനേശ് എന്നിവർ ഹൈകോടതിയെ സമീപിച്ചത്. ‘ഇരയുടെ ഭാഷ്യം പൂർണമായും വിശ്വസനീയമാണെന്ന് മാത്രമല്ല, മറ്റ് വസ്തുതകളും സാഹചര്യങ്ങളും അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ കോടതി ശിക്ഷാവിധിയിൽ ഒരു തെറ്റും കാണുന്നില്ല’, ജസ്റ്റിസ് മുക്ത ഗുപ്ത, പൂനം എ. ബംബ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
2014 ജൂൺ 18ന് രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിന്റെ വിരുന്നിൽ പങ്കെടുത്ത ശേഷം ജാനക്പുരിയിൽ ഓട്ടോ കാത്ത് നിൽക്കുകയായിരുന്ന നൈജീരിയൻ വനിതയെ കാറിലെത്തിയ പ്രതികൾ ബലമായി വാഹനത്തിൽ പിടിച്ചുകയറ്റുകയും ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ ബാഗും കൈക്കലാക്കിയ ശേഷം കാറിൽ കയറ്റി വഴിയിൽ തള്ളി. സ്ത്രീ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ, തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്നും ഡി.എൻ.എ പരിശോധന അവരുടെ വാദം തെളിയിക്കുന്നില്ലെന്നും പ്രതികൾ കോടതിയിൽ വാദിച്ചു. ഇതോടെയാണ് ബീജത്തിന്റെ അംശമില്ലാത്തത് ബലാത്സംഗം നടന്നെന്ന ഇരയുടെ വാദം കളവാക്കുന്നില്ലെന്നും ബലാത്സംഗ കുറ്റത്തിന്, ലൈംഗിക ബന്ധം നടന്നിട്ടുണ്ടെന്ന് തെളിയിച്ചാൽ മതിയെന്നും കോടതി നിരീക്ഷിച്ചത്.