പെറ്റ്‌ഷോപ്പുകൾക്ക്‌ നവംബർ ഒന്നുമുതൽ ലൈസൻസ്‌ നിർബന്ധം

Share our post

തിരുവനന്തപുരം : പെറ്റ് ഷോപ്പുകൾക്ക്‌ നവംബർ ഒന്നുമുതൽ ലൈസൻസ്‌ നിർബന്ധമാക്കുമെന്ന്‌ മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വളർത്തുനായ്ക്കൾക്ക്‌ ലൈസൻസും നായപരിപാലന ചട്ടങ്ങളും നിർബന്ധമാക്കും. എ.ബി.സി ചട്ടങ്ങളിൽ മാറ്റംവരുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. മൃഗക്ഷേമ ബോർഡ്‌ യോഗശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിലുള്ള കേന്ദ്ര എ.ബി.സി ചട്ടപ്രകാരം എ.ബി.സി സെന്ററിൽ നിയമിക്കപ്പെടുന്ന വെറ്ററിനറി സർജൻ 2000 നായ്ക്കളെയെങ്കിലും വന്ധ്യംകരണം ചെയ്‌തിരിക്കണം, സെന്റർ എയർ കണ്ടീഷനായിരിക്കണം തുടങ്ങിയ നിർദേശങ്ങൾ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അത്തരം ചട്ടങ്ങളിൽ ഇളവ് അനുവദിച്ചാലേ എ.ബി.സി പ്രവർത്തനം ശക്തമാക്കാനാകൂ. സംസ്ഥാനത്ത്‌ തെരുവുനായ പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് അടിയന്തരയോഗം ചേർന്നത്.

33,363 തെരുവുനായ്ക്കൾക്ക്‌ വാക്‌സിൻ നൽകി

2022 സെപ്തംബർ മുതൽ 33363 തെരുവുനായ്ക്കൾക്ക്‌ പേവിഷ പ്രതിരോധ വാക്‌സിൻ നൽകി. ഇക്കാലയളവിൽ 4.7 ലക്ഷം വളർത്തുനായ്ക്കൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകി. 2022 ഏപ്രിൽ മുതൽ 2023 മെയ് വരെ 18, 852 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു. എ.ബി.സി ചട്ടങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത മൃഗ ക്ഷേമ സംഘടനകളുടെ യോഗം ജൂലൈ 11 ന് പകൽ മൂന്നിന്‌ വിളിച്ചുചേർക്കും. എ.ബി.സി കേന്ദ്രങ്ങൾ ഇല്ലാത്ത ജില്ലകളിൽ ജില്ലാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്ഥലം കണ്ടെത്താൻ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെടും. മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 170 ഹോട്ട്സ്പോട്ട്‌ കേന്ദ്രീകരിച്ച് തെരുവുനായ്ക്കളുടെ വാക്സിനേഷൻ ഊർജിതമായി നടപ്പാക്കാനുള്ള ക്രമീകരണത്തിന്‌ മൃഗസംരക്ഷണ വകുപ്പിനോടും തദ്ദേശവകുപ്പിനോടും ആവശ്യപ്പെടും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!