ശ്രീകണ്ഠപുരം: നഗരസഭയുടെ അധീനതയിലുള്ള ഹാളിലെ മാലിന്യം ചൂണ്ടിക്കാട്ടിയ അംഗൻവാടി അധ്യാപികയെ സർവിസില് നിന്ന് സസ്പെൻഡ് ചെയ്തു. ശ്രീകണ്ഠപുരം നഗരസഭ 14ാം വാര്ഡായ കൈതപ്രത്തെ അംഗൻവാടി അധ്യാപിക പൊടിക്കളം സ്വദേശി മിനി മാത്യുവിനെയാണ് ശ്രീകണ്ഠപുരം ഐ.സി.ഡി.എസ് ഓഫിസര് ശ്യാമള സസ്പെൻഡ് ചെയ്തത്.ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിന് സമീപം നഗരസഭയുടെ അധീനതയില് കെ. നാരായണന് സ്മാരക ഹാളുണ്ട്. അവിടെയാണ് മാസം തോറുമുള്ള അംഗൻവാടി അധ്യാപികമാരുടെ യോഗം ഉൾപ്പെടെ യോഗങ്ങൾ ചേരാറുള്ളത്. ഒക്ടോബര് മാസം ഇവിടെ യോഗത്തിനെത്തിയപ്പോള് ഹാള് നിറയെ മാലിന്യം കാണപ്പെട്ടതിനെ തുടര്ന്ന് മിനി മാത്യു അത് മൊബൈല് ഫോണില് പകര്ത്തി ശ്രീകണ്ഠപുരം നഗരസഭ ഹെല്ത്ത് ഇന്സ്പെക്ടര്ക്ക് അയച്ചുകൊടുത്തു.
ഹാള് ഉടന് വൃത്തിയാക്കുമെന്നും അതിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഹെല്ത്ത് ഇന്സ്പെക്ടര് മിനി മാത്യുവിന് മറുപടിയും നല്കി. എന്നാല്, ഈ മാസം ആദ്യം വീണ്ടും യോഗത്തിനെത്തിയപ്പോള് ഹാളില് മാലിന്യങ്ങള് കാണപ്പെട്ടതിനെ തുടര്ന്ന് മിനി മാത്യു വീണ്ടും അത് മൊബൈല് ഫോണില് പകര്ത്തി അയച്ചുകൊടുത്തു. ഇതിന് പിറകെ നഗരസഭ അധികൃതരുടെ നിര്ദേശ പ്രകാരമാണ് ഐ.സി.ഡി.എസ് ഓഫിസര് വിശദീകരണം ആവശ്യപ്പെട്ട് മിനി മാത്യുവിന് കത്ത് നല്കി. ഇതിന് മറുപടിയും നല്കി. എന്നാല്, മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് 15ന് വീണ്ടും ഐ.സി.ഡി.എസ് ഓഫിസര് കത്ത് നല്കി. അതിനും മറുപടി നല്കി. അതിന് പിറകെ നേരത്തേ എടുത്ത വിഡിയോ മിനി മാത്യു തന്റെ ഫേസ് ബുക്കില് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് നഗരസഭയെ സമൂഹമാധ്യമത്തില് അവഹേളിക്കുംവിധം വാര്ത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മിനി മാത്യുവിനെ സസ്പെൻഡ് ചെയ്തത്. ശ്രീകണ്ഠപുരം നഗരസഭ യു.ഡി.എഫാണ് ഭരിക്കുന്നത്. മിനി മാത്യു സജീവ കോണ്ഗ്രസ് പ്രവര്ത്തകയാണ്. സസ്പെൻഡ് ചെയ്ത നടപടി വലിയ വിവാദങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്.