സാംക്രമിക രോഗങ്ങൾക്കും ജലജന്യ രോഗങ്ങൾക്കുമെതിരെ ജാഗ്രത വേണം

Share our post

കണ്ണൂർ : മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി പോലുള്ള മാരകമായ സാംക്രമിക രോഗങ്ങൾക്കും ജലജന്യ രോഗങ്ങൾക്കും എതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.പി. ജീജ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു.

തുടർച്ചയായ പനി വരുമ്പോൾ സ്വയം ചികിത്സ നടത്താതെ കൃത്യമായ വൈദ്യ സഹായം തേടുകയും പരിശോധനകൾ നടത്തുകയും ചെയ്യണം. ജലജന്യ രോഗങ്ങളായ ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ് എന്നിവ പകരാതിരിക്കാൻ ജല സ്രോതസ്സുകൾ മലിനമാവുന്നത് തടയണം.

റബർ പ്ലാന്റേഷനുകളിൽ ഉപയോഗിക്കാത്ത ചിരട്ടകൾ കമിഴ്ത്തി വയ്‌ക്കാൻ ശ്രദ്ധിക്കുക. കൊതുക് നശീകരണത്തിന് കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. എലിപ്പനി വരാതിരിക്കാനുള്ള മുൻകരുതൽ യഥാവിധിയുള്ള മാലിന്യ സംസ്‌കരണമാണ്. എലിയുടെയും കന്നുകാലിയുടെയും നായ, പൂച്ച എന്നിവയുടെയും മൂത്രം കലർന്ന വെള്ളം അല്ലെങ്കിൽ മണ്ണുമായി സമ്പർക്കം വരുമ്പോഴാണ് എലിപ്പനി വരുന്നത്.

ഇത്തരം സമ്പർക്കമുള്ള ജോലി ചെയ്യുന്ന കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ ആഴ്ചയിൽ ഒരിക്കൽ എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണം. ഇത് ആരോഗ്യ വകുപ്പ് ആശാ പ്രവർത്തകർ മുഖേന വിതരണം ചെയ്യുന്നുണ്ട്. ജോലി ചെയ്യുമ്പോൾ കാലിൽ ഗം ബൂട്ടുകൾ, കൈയുറകൾ എന്നിവ ഉപയോഗിക്കുന്നതിലൂടെ മലിനമായ ജലം, മണ്ണ് എന്നിവയുമായി സമ്പർക്കം ഒഴിവാക്കാം. കെട്ടിനിൽക്കുന്ന വെള്ളത്തിലും അഴുക്ക് വെള്ളത്തിലും കുളിക്കുക, വാഹനം കഴുകുക, കൈയും കാലും കഴുകുക തുടങ്ങിയ ശീലങ്ങളും ഒഴിവാക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!