വൈക്കോൽ ലോറി കടത്തിവിടാൻ 500 രൂപ കൈക്കൂലി; എസ്.ഐ.ക്ക് സസ്പെൻഷൻ

തെന്മല: ചെങ്കോട്ട പുളിയറ പോലീസ് ചെക്ക്പോസ്റ്റിൽ വൈക്കോൽ ലോറി കടത്തിവിടാൻ 500 രൂപ കൈക്കൂലി ആവശ്യപ്പെട്ട എസ്.ഐ.ക്ക് സസ്പെൻഷൻ. സബ് ഇൻസ്പെക്ടർ ജെയിംസിനെതിരേയാണ് നടപടി. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന രണ്ടുപോലീസുകാരെ സായുധസേനയിലേക്ക് മാറ്റുകയും ചെയ്തു. തെങ്കാശി എസ്.പി. സാംസൺ ആണ് നടപടി സ്വീകരിച്ചത്.
തിങ്കളാഴ്ച രാത്രി 10-നാണ് സംഭവം. ചെങ്കോട്ടയിൽനിന്ന് വൈക്കോലുമായി കേരളത്തിലേക്ക് വന്ന ലോറിയിൽ അമിതലോഡുണ്ടെന്നു ചൂണ്ടിക്കാട്ടി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. ജെയിംസ് 500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഡ്രൈവർ 100 രൂപയാണ് നൽകിയത്. 500 രൂപ വേണമെന്നു പറഞ്ഞതോടെ സ്ഥിരമായി 100 രൂപയാണ് നൽകുന്നതെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും കേസെടുക്കുമെന്ന് എസ്.ഐ. പറഞ്ഞു. എന്നാൽ ലോറി ഡ്രൈവർ ഈ സംഭവം മുഴുവൻ മൊബൈലിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോ എസ്.പി.ക്ക് അയച്ചുകൊടുക്കുകയായിരുന്നു.
തമിഴ്നാട്ടിൽനിന്ന് പുളിയറ ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് പ്രതിദിനം ആയിരത്തോളം വാഹനങ്ങൾ എത്തുന്നുണ്ട്. ഇതിൽ ഏറിയപങ്കും ചരക്കുവാഹനങ്ങളാണ്. എന്നാൽ പുളിയറ പോലീസ് ചെക്ക്‌പോസ്റ്റിലോ ആര്യങ്കാവ് ആർ.ടി.ഒ. ചെക്ക്‌പോസ്റ്റിലോ പരിശോധനയുണ്ടാകാറില്ല. ആര്യങ്കാവിൽ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം പേരിനുമാത്രമാകും വിജിലൻസ് സംഘത്തിന്റെ പരിശോധന.