അടക്കാത്തോട് സെയ്ൻറ് ജോസഫ് പള്ളിയിലെ നേർച്ചപ്പെട്ടി മോഷണം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

അടക്കാത്തോട് : സെയ്ൻറ് ജോസഫ് പള്ളിയുടെ നേർച്ചപ്പെട്ടി കുത്തി തുറന്ന് മോഷണക്കേസിലെ പ്രതിയുമായി തെളിവെടുപ്പ് നടത്തി. എറണാകുളം വരാപ്പുഴ മണലിപ്പറമ്പിൽ സജീവ് എന്ന രാജീവിനെയാണ് പള്ളി പരിസരത്തെത്തിച്ച് തെളിവെടുത്തത്. കേളകം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജാൻസി മാത്യുവിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
അടക്കാത്തോട് പള്ളിയിൽ മോഷണം നടത്തിയ തൊട്ടടുത്ത ദിവസം തന്നെ തിരുനെല്ലി പള്ളിയിലും മോഷണം നടത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുനെല്ലി എസ്.ഐ സാജനും സംഘവും പ്രതിയെ പിടികൂടിയത്. ഒളിവിലായിരുന്ന ഇയാളെ കുറിച്ച് വാർത്ത ശ്രദ്ധയിൽപ്പെട്ട മാനന്തവാടി സ്വദേശി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. മെയ് 9,10 തീയതികളിലാണ് ഇരു പള്ളികളിലും മോഷണം നടത്തിയത്. മുൻപും ഇയാൾ കളവ് കേസുകളിൽ പ്രതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.