ഉദയഗിരിയിൽ പന്നിപ്പനി; ഏഴ് ഫാമുകളിലെ പന്നികളെ കൊല്ലും

Share our post

കണ്ണൂർ : ഉദയഗിരി പഞ്ചായത്തിലെ വടക്കൻ ഞാലിപ്പറമ്പിൽ ടോണി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള മറ്റ് ആറ് ഫാമുകളിലെയും മുഴുവൻ പന്നികളെയും അടിയന്തരമായി കൊല്ലും. പ്രഭവ കേന്ദ്രത്തിനുപുറത്ത് പത്ത് കിലോമീറ്റർ ചുറ്റളവിൽ രോഗനിരീക്ഷണം ഏർപ്പെടുത്താനും കലക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു. രോഗബാധിത മേഖലയിലെ മനീഷ് മോഹൻദാസ് കിളിർകുന്നേൽ, സുനിൽ ഉപ്പൻമാക്കൽ, ജിംസൺ മാത്യു പൂച്ചവാലേൽ, ബിജു കുട്ടിവേലിൽ, സതീഷ് കോണാട്ട്, പ്രമോദ് കുട്ടിമാക്കൽ എന്നിവരുടെ ഉടമസ്ഥതയിലാണ് മറ്റ് ആറ് പന്നിഫാമുകൾ.

 പന്നികളെകൊന്ന്‌ ജഡം മാനദണ്ഡപ്രകാരം സംസ്‌കരിച്ച് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ റിപ്പോർട്ട് ചെയ്യണം. ഉദയഗിരി പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളിൽനിന്ന്‌ മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച്‌ അടിയന്തര റിപ്പോർട്ട് സമർപ്പിക്കണം.

മറ്റ് സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പൊലീസുമായും ആർടിഒയുമായും ചേർന്ന് മൃഗ സംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും. രോഗ വിമുക്ത മേഖലയിൽനിന്നുള്ള പന്നികളെയേ ജില്ലയിലേക്ക് പ്രവേശിപ്പിക്കൂവെന്ന് ഉറപ്പുവരുത്തും.

 രോഗം സ്ഥിരീകരിച്ച തദ്ദേശസ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനിയർ എന്നിവരുൾപ്പെട്ട സംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കാനുള്ള നടപടി ജില്ലാ മൃഗസംരക്ഷണ ഓഫീസർ, തദ്ദേശ സ്ഥാപന സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിക്കണം.

 ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധികാരികൾ, വില്ലേജ് ഓഫീസർമാർ, റൂറൽ ഡയറി ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ വിവരം അറിയിക്കണം. വെറ്ററിനറി ഓഫീസർ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കണം. ഫയർ ആൻഡ്‌ റെസ്‌ക്യൂ സർവീസിന്റെ നേതൃത്വത്തിൽ ഫാമുകളിൽ ഫ്യുമിഗേഷൻ നടത്താനും കലക്ടർ നിർദേശിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!