വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന: രണ്ടുപേർ പിടിയിൽ

കണ്ണൂർ: താണയിൽ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസിന്റെ പിടിയിൽ.
മാങ്ങാട് സ്വദേശി എം. രജീഷ്, ക്വാർട്ടേഴ്സ് വാടകക്കെടുത്ത ഇരിക്കൂർ സ്വദേശി വി.വി. ഇസ്മായിൽ എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ സീനു കൊയിലത്ത് അറസ്റ്റുചെയ്തത്. സംഘത്തിലുണ്ടായിരുന്ന കീച്ചേരി സ്വദേശി ഷാനിഫ് ഓടി രക്ഷപ്പെട്ടതായി എക്സൈസ് പറഞ്ഞു.
ഇയാളുടെ ഫോൺ ക്വാർട്ടേഴ്സിൽ നിന്നും എക്സൈസിന് ലഭിച്ചു. ഫോണിന്റെ കവറിൽ നിന്നും എം.ഡി.എം.എ കണ്ടെത്തി. പ്രതികളിൽ നിന്നും രണ്ടര ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിട്ടുണ്ട്. ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച വൈകീട്ടാണ് എക്സൈസ് പരിശോധന നടത്തിയത്.
കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികളെന്നും വിദ്യാർഥികളെയുൾപ്പെടെ ലക്ഷ്യമിട്ടാണ് ഇവരുടെ വിപണനമെന്നും എക്സൈസ് പറഞ്ഞു.