പത്തനംതിട്ട: പതിനാലുകാരിയും പട്ടികജാതി വിഭാഗത്തിൽ പെട്ടതുമായ പെൺകുട്ടിയെ പ്രലോഭിപ്പിച്ചും വിവാഹ വാഗ്ദാനം നൽകിയും പല തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ വിധി പ്രസ്താവിച്ചു.
തൃക്കൊടിത്താനം സ്വദേശിയും പുറമറ്റം കരിങ്കുറ്റി മലയിൽ, കള്ളാട്ടിൽ താമസക്കാരനുമായ റിജോമോൻ ജോണിനെ (അനീഷ്, 31 ) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ 48 വർഷം കഠിന തടവിനും 1.80 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
പിഴ ഒടുക്കാതിരുന്നാൽ 30 മാസം അധിക കഠിന തടവും അനുഭവിക്കണം. ഐ.പി.സി 366 എന്ന വകുപ്പു പ്രകാരവും പോക്സോ ആക്ട് 5, 6 എന്നീ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്ന പ്രതി ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭനത്തിൽ വീഴ്ത്തുകയായിരുന്നു.
തുടർന്ന് വിവാഹ വാഗ്ദാനങ്ങൾ നൽകി വിവിധ സ്ഥലത്തു കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നു. ഇതിനിടയിൽ പെൺകുട്ടിയുടെ അയൽവാസിയും വിവാഹിതയുമായ ഒരു സ്ത്രീയുടെ ഫോണിൽനിന്നു പെൺകുട്ടി ഇടയ്ക്കിടക്ക് പ്രതിയെ വിളിച്ചിരുന്നതു മുതലാക്കി അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഒടുവിൽ ആ സ്ത്രീയുമായി ഒളിച്ചോടുകയും ചെയ്തു. ഈ സംഭവത്തോടെ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ പെൺകുട്ടി വിവരം ബന്ധുക്കൾ വഴി പോലീസിൽ അറിയിക്കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ അന്തിമ വാദം പൂർത്തിയായ ഘട്ടത്തിൽ പ്രതി ഒളിവിൽ പോയിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ രണ്ടാം ഭാര്യയോടും കുട്ടിയോടും ഒപ്പം ഒളിവിൽ കഴിഞ്ഞിരുന്ന റിജോമോനെ ഷാഡോ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് കോടതിയിൽ എത്തിച്ചു. തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത് പോലിസ് ഇൻസ്പെക്ടറായിരുന്ന പി.എസ്. വിനോദ് അന്വേഷണം നടത്തിയ കേസിന്റെ അന്തിമ ചാർജ് കോടതിയിൽ സമർപ്പിച്ചത് ഡിവൈഎസ് പി ടി. രാജപ്പൻ റാവുത്തറാണ്.