സിനിമാ ഷൂട്ടിങ്: പഴയ പരിയാരം പോലീസ് സ്റ്റേഷൻ ഒറ്റപ്പാലം സ്റ്റേഷനായി

പരിയാരം : പല സിനിമാ ചിത്രീകരണത്തിനും വേദിയാകുന്ന പഴയ പരിയാരം പോലീസ് സ്റ്റേഷൻ കെട്ടിടം ഇപ്പോൾ ‘ഒറ്റപ്പാലം പോലീസ് സ്റ്റേഷനായി’. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ അധീനതയിലുള്ള കെട്ടിടം ആരോഗ്യവകുപ്പിന് നല്ല വരുമാനം നേടിക്കൊടുക്കുകയാണ്.
പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനായി പ്രവർത്തിച്ച കെട്ടിടമാണ് ഒറ്റപ്പാലം പോലീസ് സ്റ്റേഷന്റെ ലൊക്കേഷനാക്കിയത്. പരിയാരം പോലീസ് സ്റ്റേഷന് കഴിഞ്ഞ വർഷം പുതിയ കെട്ടിടം നിലവിൽ വന്നതോടെ പഴയ കെട്ടിടം ഒഴിഞ്ഞു കിടക്കുകയാണ്. വിവിധ സിനിമകളുടെ ഷൂട്ടിങ്ങിനായിട്ടാണ് ഇപ്പോൾ പോലീസ് സ്റ്റേഷൻ ഉപയോഗിക്കുന്നത്. നിലവിലുള്ള പോലീസ് സ്റ്റേഷനുകളൊന്നും ഇപ്പോൾ സിനിമാ ഷൂട്ടിങ്ങിനായി നൽകുന്നില്ല.
പരിയാരത്ത് പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ പഴയ സ്റ്റേഷൻ ഒഴിഞ്ഞുകൊടുത്തിരുന്നു. സെറ്റിടാതെ സിനിമ ചിത്രീകരിക്കാമെന്നതിനാൽ വിവിധ സിനിമാപ്രവർത്തകർ ഇവിടെ എത്തുന്നുണ്ട്. നേരത്തെ ആസ്പത്രി വികസനസമിതി പ്രതിദിനം 10,000 രൂപയാണ് ചിത്രീകരണത്തിന് ഈടാക്കിയിരുന്നെതെങ്കിൽ ഇപ്പോൾ ആരോഗ്യവകുപ്പ് നേരിട്ടുതന്നെയാണ് ദിവസം 15,000 രൂപ വാടകയ്ക്ക് പോലീസ് സ്റ്റേഷൻ സിനിമാ ഷൂട്ടിങ്ങിനായി നൽകുന്നത്. അടുത്തദിവസം ചിത്രീകരിക്കുന്ന പുതിയ സിനിമക്ക് വേണ്ടിയാണ് കലാസംവിധായകൻ ഇത് ഒറ്റപ്പാലം സ്റ്റേഷനാക്കി മാറ്റിയത്.