ജലസ്രോതസ്സുകളിൽ കോഴി, അറവ് മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പാക്കണം: ഡി.പി.സി

Share our post

ജലസ്രോതസ്സുകളിൽ കോഴി, അറവ് മാലിന്യം ഉൾപ്പെടെ തള്ളുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകൾ നടത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കോഴിമാലിന്യം റെൻഡറിംഗ് പ്ലാൻറുകൾക്ക് നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർദേശിച്ചു.

തെരുവുനായ്ക്കളുടെ നിയന്ത്രണത്തിൽ വന്ധ്യംകരണത്തെ പോലെ പ്രധാനമാണ് പൊതുഇടങ്ങളിലെ കോഴി, അറവ് മാലിന്യം തള്ളാതിരിക്കുന്നതും. ഡിസ്‌പോസ്ബിൾ ഗ്ലാസ്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് എന്നിവ ഓഡിറ്റോറിയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് അഭികാമ്യം.

ഹരിത പെരുമാറ്റച്ചടം പാലിച്ചുള്ള കല്യാണങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകി പ്രോത്സാഹിപ്പിക്കുന്നത് പഞ്ചായത്തുകൾ തുടരണമെന്നും കലക്ടർ പറഞ്ഞു. മാലിന്യ നിർമ്മാർജനത്തിനും എ.ബി.സി പദ്ധതിക്കും എല്ലാ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി വെക്കണമെന്ന് ഡി.പി.സി ചെയർപേഴ്‌സനായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി. പി. ദിവ്യ പറഞ്ഞു.

എ.ബി.സി പദ്ധതിക്ക് പണം വെക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക റിവിഷൻ അനുവദിക്കും. എ.ബി.സി പദ്ധതി പ്രകാരം നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിനായി ഒരു മാസത്തെ ഷെഡ്യൂൾ തയ്യാറാക്കാൻ യോഗം തീരുമാനിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!