സ്വർണം കടത്തിയ പ്രവാസിയും തട്ടിക്കൊണ്ടുപോകാനെത്തിയ സംഘവും പോലീസ് പിടിയിൽ

Share our post

കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്തു സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവും പൊലീസ് പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ കാരിയറെയും കുടുംബത്തെയും വിജനമായ സ്ഥലത്ത് വെച്ച് തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം തട്ടാനായിരുന്നു പദ്ധതി. എന്നാല്‍ ഈ വിവരം പൊലീസ് അറിഞ്ഞുവെന്ന് മനസിലാക്കി, സംഘം പദ്ധതി ഉപേക്ഷിച്ച് മടങ്ങി.

മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് യുഎഇയില്‍ നിന്നും 67 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കസ്റ്റംസിന് വെട്ടിച്ച് എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ചത്. ഇത് കവര്‍ച്ച ചെയ്യാനാണ് ഏഴംഗ സംഘം എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്.

വിമാനത്താവളത്തിന്റെ ആഗമന ഗേറ്റിൽ സംശയാസ്പദമായ രീതിയില്‍ നിലയുറപ്പിച്ച കാഞ്ഞങ്ങാട് സ്വദേശി റഷീദ് എന്നയാളെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ സംഘത്തിന്‍റെ വിശദമായ പദ്ധതി അറിയാന്‍ സാധിച്ചത്.

ദുബായില്‍ ജോലി ചെയ്യുന്ന കോഴികോട് സ്വദേശികളായ സമീര്‍, ഷാക്കിര്‍, കാഞ്ഞങ്ങാട് സ്വദേശി സാദിഖ് എന്നിവരാണ് ഗോള്‍ഡ് കാരിയറായ മുസ്തഫയുടെ വിവരങ്ങള്‍ റഷീദിന് കൈമാറിയത്. റഷീദിന് സഹായത്തിനായി വയനാട് നിന്നുള്ള 5 അംഗ സംഘവും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.

കസ്റ്റംസ് പരിശോധനയെ അതിജീവിച്ച് കടത്ത് സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ മുസ്തഫയും പോലീസ് കസ്റ്റഡിയിലായി. കാരിയറായ മുസ്തഫയും കവര്‍ച്ചാ സംഘത്തിലെ അംഗമായ റഷീദും പിടിയിലായതോടെ അപകടം മണത്ത കവര്‍ച്ചാസംഘം ഇവിടെ നിന്നും രക്ഷപ്പെട്ടു.

വയനാട്ടിലേക്ക് രക്ഷപ്പെട്ട 5 അംഗ സംഘത്തെ വയനാട് വൈത്തിരിയില്‍ വെച്ച് പൊലീസ് പിടികൂടി. കാസർകോട് സ്വദേശിയെ കാഞ്ഞങ്ങാട് വെച്ചും അറസ്റ്റ് ചെയ്തു. കടത്ത് സ്വര്‍ണ്ണവുമായി കുടുംബ സമേതം സ്വന്തം വീട്ടിലേക്ക് പോകുന്ന കൊടിഞ്ഞി സ്വദേശി മുസ്തഫയെ വിജനമായ സ്ഥലത്ത് വെച്ച് വാഹനം തടഞ്ഞ് നിര്‍ത്തി തട്ടികൊണ്ടുപോകാനായിരുന്നു പദ്ധതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!