രാജ്യസഭാ എം.പി ഹര്‍ദ്വാര്‍ ദുബെ അന്തരിച്ചു

മുതിര്‍ന്ന ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ ഹര്‍ദ്വാര്‍ ദുബെ അന്തരിച്ചു. 74 വയസായിരുന്നു. ഡല്‍ഹിയിലെ ആസ്പത്രിയില്‍ പുലര്‍ച്ചെ 4.30 നായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. മകന്‍ പ്രന്‍ഷു ദുബെയാണ് പിതാവിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.
ബല്ലിയ സ്വദേശിയായ ഹര്‍ദ്വാര്‍ ദുബെ ആഗ്ര രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 1969 ല്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു. 1989-ല്‍ ആഗ്ര കന്റോണ്‍മെന്റില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചു.
1991 ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും വിജയിക്കുകയും കല്യാണ് സിംഗ് മന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയാകുകയും ചെയ്തു. എന്നാല്‍ വിവാദങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. 2005-ല്‍ ഖേരാഗഡ് നിയമസഭാ സീറ്റില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടു. നേരത്തെ, ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ആഗ്ര-ഫിറോസാബാദ് സീറ്റിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു.
2011ല്‍ ബി.ജെ.പി സംസ്ഥാന വക്താവായും 2013ല്‍ സംസ്ഥാന വൈസ് പ്രസിഡന്റായും ചുമതലയേറ്റു. സീതാപൂര്‍, അയോധ്യ, ഷാജഹാന്‍പൂര്‍ എന്നിവിടങ്ങളില്‍ ആര്‍.എസ്എസിന്റെ ജില്ലാ പ്രചാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020ല്‍ അദ്ദേഹം രാജ്യസഭാ എംപിയായി.