ചലച്ചിത്ര താരം സി.വി. ദേവ് അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര, നാടക നടൻ സി.വി. ദേവ് അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു.
നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ദേവ്, സത്യൻ അന്തിക്കാടിന്റെ സന്ദേശം എന്ന ചിത്രത്തിലെ ആർ.ഡി.പി നേതാവിന്റെ വേഷത്തിലൂടെയാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്.
ഈ ചിത്രത്തിൽ, ഹൃദയാഘാതം വന്ന് മരിച്ച വ്യക്തിയെ രാഷ്ട്രീയ രക്തസാക്ഷിയാക്കി സുവർണാവസരം മുതലാക്കാൻ ശ്രമിക്കുന്ന ശ്രീനിവാസന്റെ വിപ്ലവ കഥാപാത്രത്തോട്, മരിച്ച വ്യക്തിക്ക് രാഷ്ട്രീയമില്ലെന്ന് പറയുന്ന ദേവിന്റെ അനന്തൻ എന്ന കഥാപാത്രം പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒന്നാണ്.
മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ഇംഗ്ലീഷ് മീഡിയം, ചന്ദ്രോത്സവം, സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്ക് നേരെ, ഞാന്‍, ഉറുമ്പുകൾ ഉറങ്ങാറില്ല തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.