മലയോരത്തിന്‌ കരുതലായി ഇരിട്ടി താലൂക്കാസ്പത്രി

Share our post

ഇരിട്ടി :ചികിത്സാരംഗത്ത്‌ ആറരപ്പതിറ്റാണ്ടിന്റെ സേവന ചരിത്രവുമായി ഇരിട്ടി താലൂക്കാസ്പത്രി. 1957ൽ ഇരിട്ടി നേരമ്പോക്ക്‌ റോഡരികിൽ കീഴൂരിടത്തിൽ വലിയ കേശവൻ വാഴുന്നവർ കുടുംബം ദാനം നൽകിയ സ്ഥലത്ത്‌ പ്രാഥമിക ആരോഗ്യ കേന്ദ്രമായാണ്‌ തുടക്കം. ആദിവാസികളടക്കമുള്ള സാധാരണക്കാർക്ക്‌ ആശ്രയിക്കാവുന്ന മലയോരത്തിന്റെ ധർമാസ്പത്രിയായി പി.എച്ച്‌.സി വളർന്നു.

വികസനം ലക്ഷ്യമിട്ട്‌ ഇരിട്ടി

ഹൈസ്കൂൾ പരിസരത്ത്‌ വാഴുന്നവർ കുടുംബം ദാനംചെയ്ത സ്ഥലത്ത്‌ വിശാല സൗകര്യങ്ങളോടെ ആസ്പത്രി മാറ്റി സ്ഥാപിച്ചു. 2001ൽ നായനാർ സർക്കാർ സി.എച്ച്‌.സി.യാക്കി ഉയർത്തിയ ആസ്പത്രിക്ക്‌ വി.എസ്‌. സർക്കാർ 2008ൽ

താലൂക്കാസ്പത്രി പദവി നൽകി. 2015 വരെ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്‌ കീഴിലായിരുന്ന ആസ്പത്രിക്ക്‌ രണ്ട്‌ നില കെട്ടിടം അടക്കം വിവിധ സൗകര്യങ്ങൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതിയിൽ ഒരുക്കി. 2015ൽ ഇരിട്ടി നഗരസഭയായതോടെ ആസ്പത്രി മുനിസിപ്പാലിറ്റിക്ക്‌ കീഴിലായി. പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവർ മന്ത്രിമാരായിരിക്കെ ആസ്പത്രി പുതുമോടിയിലെത്തിക്കുന്ന വ്യത്യസ്ത പദ്ധതികൾ നടപ്പാക്കി. നിലവിൽ 15 ഡോക്ടർമാരും ജീവനക്കാരുമുണ്ട്‌. ആയിരത്തി ഇരുനൂറോളം രോഗികൾവരെ ദിനംപ്രതി ഒ.പി.യിൽ ചികിത്സ തേടുന്നു. 

കിഫ്‌ബിയിൽ 64 കോടിയുടെ ആസ്പത്രി സമുച്ചയം

താലൂക്കാസ്പത്രി വികസനത്തിൽ നാഴികക്കല്ലാവുന്ന 64 കോടിയുടെ ആറ്‌ നില കെട്ടിട സമുച്ചയ നിർമാണത്തിന്‌ കഴിഞ്ഞ എൽ.ഡി.എഫ്‌ സർക്കാർ അംഗീകാരം നൽകി. 49 കോടിയിൽ നിർമിക്കാൻ ലക്ഷ്യമിട്ട പദ്ധതിയുടെ പുതുക്കിയ എസ്‌റ്റിമേറ്റ്‌ കിഫ്‌ബി അംഗീകരിച്ചു. നിർമാണ നടപടികൾ ടെൻഡർ ഘട്ടത്തിലാണ്‌. ബൃഹത്തായ ഈ കെട്ടിടംകൂടിയാവുന്നതോടെ ഇരിട്ടി താലൂക്കാസ്പത്രി കുടകിലുള്ളവർക്കും മലയോരത്തിനാകെയുമുള്ള എറ്റവും വലിയ ആസ്പത്രിയാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!