ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കാലം വിചാരണ തടവുകാരനായിരുന്നു ഞാൻ; മഅദനി കേരളത്തിലേക്ക്

ബംഗളൂരു: പി. ഡി. പി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക്. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനാണ് യാത്ര. കേരളത്തിൽ പന്ത്രണ്ട് ദിവസം താമസിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
‘പൂർണമായി യാത്രാ ചെലവ് പറയാൻ കഴിയുന്ന അവസ്ഥയല്ല. ഇവിടുന്ന് വിമാനത്താവളത്തിലേക്ക് പോകുന്നു. അവിടുന്ന് നേരെ കൊച്ചിയിലേക്ക്. കൊച്ചിയിൽ എവിടെയും തങ്ങില്ല. നേരെ ബാപ്പയുടെയടുത്ത്. കുറച്ച് ദിവസം അവിടെയുണ്ടാകും.
ഇപ്പോൾ ഓർമയൊക്കെ നഷ്ടപ്പെട്ട് വിഷമകരമായ സാഹചര്യത്തിലാണ് ബാപ്പയുള്ളത്. കുറച്ച് ദിവസമെങ്കിലും അദ്ദേഹത്തിനൊപ്പം ചെലവഴിക്കാൻ അവസരം കിട്ടിയതിൽ സർവശക്തനായ ദൈവത്തെ സ്തുതിക്കുന്നു.ആകെ പറയാനുള്ളൊരു കാര്യം ഇന്ത്യയിൽ തന്നെ ഏറ്റവുമധികം കാലം വിചാരണ തടവുകാരനായിരിക്കേണ്ടിവന്നവരിലൊരാളാണ് ഞാൻ.
അത് അഭിമുഖീകരിക്കാൻ മാനസികമായി തയ്യാറെടുത്തിരുന്നു. വളരെ ആസൂത്രിതമായി എന്നെ കുടുക്കിയതാണ്. രാജ്യത്തെ തന്നെ നീതിന്യായ സംവിധാനത്തിന് അപമാനകരമായ കാര്യമാണ്.’-മഅദനി പറഞ്ഞു. തന്റെ ആരോഗ്യസ്ഥിതിയും വളരെ വിഷമകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.