തലശേരിയിൽ അമ്മയും കുഞ്ഞും ആസ്പത്രി നിർമാണം 18 മാസം കൊണ്ട് പൂർത്തിയാക്കും: സ്പീക്കർ

Share our post

തലശ്ശേരി : തലശ്ശേരിയിൽ അമ്മയും കുഞ്ഞും ആസ്പത്രി 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അറിയിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രം ശിലാസപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കർ. അമ്മയും കുഞ്ഞും ആസ്പത്രിക്ക് സ്ഥലം എടുക്കുന്നതിൽ ഏറ്റവും ആവേശകരമായ ജനകീയ സഹകരണം നാം കണ്ടു. കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു ഈ മാതൃകയുടെ പ്രയോക്താവ്. ഒട്ടേറെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം കാലതാമസം ഉണ്ടായെങ്കിലും ഇപ്പോൾ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞു.

തലശ്ശേരി ജനറൽ ആസ്പത്രിക്ക് അതേ സ്ഥലത്ത് വികസനം വഴിമുട്ടിയ നിലയാണ്. അതുകൊണ്ട് ജനറൽ ആസ്പത്രി പൂർണമായി കണ്ടിക്കലേക്ക് മാറ്റാനാണ് തീരുമാനം. ഇതിന് അടുത്തു തന്നെയാണ് മലബാർ ക്യാൻസർ സെന്റർ. 16 നിലകളിൽ മികച്ച നിലയിൽ അന്താരാഷ്ട്ര നിലവാരത്തോടെയുള്ള കാൻസർ ചികിത്സ സൗകര്യം എം.സി.സി.യിൽ ഒരുങ്ങുകയാണ്. അതോടെ ഈ മേഖല മെഡിക്കൽ ഹബ്ബ് ആയി മാറും. ഫാമിലി ഹെൽത്ത് സെന്ററിന്റെ പൂർണ അർഥത്തിലുള്ള വികസനത്തിന് ജനകീയ സഹകരണം കൂടി ആവശ്യമാണെന്നും സ്പീക്കർ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ അധ്യക്ഷത വഹിച്ചു. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ, പന്ന്യന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രമ, ജില്ലാ പഞ്ചായത്ത് അംഗം ഇ. വിജയൻ മാസ്റ്റർ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. റംല, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ.എസ്. ഫൗസി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. നിഖിൽ, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ പി.പി. സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.വി. സുഭാഷ്, പി. ഹരീന്ദ്രൻ, കെ.ഇ. കുഞ്ഞബ്ദുള്ള, കെ.കെ. ശശിധരൻ, രവീന്ദ്രൻ കുന്നോത്ത്, കെ.ടി. സമീർ, മെഡിക്കൽ ഓഫീസർ ഡോ. അതുല്യ എന്നിവർ സംസാരിച്ചു. എൻ.എച്ച്.എം ഡി.പി.എം ഡോ. കെ.പി. അനിൽകുമാർ, ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ. കെ.സി. സച്ചിൻ, കണ്ണൂർ അസി. എക്‌സി. എഞ്ചിനിയർ സി.എം. ജാൻസി എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജീജ റിപ്പോർട്ട് അവതരിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!