കൊട്ടിയൂരിൽ അത്തം ചതുശ്ശതവും വാളാട്ടവും നാളെ

Share our post

കൊട്ടിയൂർ: വൈശാഖോത്സവ കാലത്തെ നാല് ചതുശ്ശതം വലിയ വട്ടളം പായസ നിവേദ്യത്തിൽ അവസാനത്തേതായ അത്തം ചതുശ്ശതം നാളെ പെരുമാൾക്ക് നിവേദിക്കും. അത്തം നാളിൽ പന്തീരടിക്ക് നടക്കുന്ന ശീവേലി അവസാനത്തെ ശീവേലിയായിരിക്കും.

ശീവേലി സമയത്താണ് വാളാട്ടം നടക്കുക.സപ്തമാതൃപുരം എന്ന ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ചെത്തിയ മൂന്ന് വാളുകൾ വാളശ്ശന്മാർ സ്ഥാനികർ ശീവേലി സമയത്ത് എഴുന്നള്ളിച്ച് എത്തി ദേവീദേവന്മാരെ ഉഴിയുന്നതാണ് വാളാട്ടം.

കുടിപതികളുടെ തേങ്ങയേറും നാളെ നടക്കും. പൂവറയ്ക്കും അമ്മാറക്കൽ തറയ്ക്കും മദ്ധ്യേയുള്ള സ്ഥാനത്തെ ശിലയിൽ വടക്കോട്ട് തിരിഞ്ഞുനിന്ന് പ്രായക്രമമനുസരിച്ചാണ് തേങ്ങയേറ് നടത്തുക. രാത്രിയിൽ കലശ മണ്ഡപത്തിൽ കലശപൂജയും നടക്കും.

ഉത്സവ സമാപനത്തോടനുബന്ധിച്ച് സ്വയംഭൂ വിഗ്രഹം ആവരണം ചെയ്യാനുള്ള അഷ്ടബന്ധത്തിന്റെ തയാറെടുപ്പുകളും തുടങ്ങി.അക്കരെ സന്നിധാനത്ത് സ്ത്രീകൾക്കുള്ള ദർശന കാലം ശനിയാഴ്ച അവസാനിച്ചുവെങ്കിലും ഇന്നലെയും വൻ ഭക്തജന പ്രവാഹമാണ് അനുഭവപ്പെട്ടത്.

ആയിരക്കണക്കിന് പുരുഷന്മാരാണ് ഇന്നലെ കൊട്ടിയൂരിൽ എത്തിച്ചേർന്നത്. ദർശനത്തിനായി ഭക്തർക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നു. 28 ന് തൃക്കലശാട്ടോടെ വൈശാഖ മഹോത്സവത്തിന് പരിസമാപ്തിയാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!