ഏഷ്യൻഗെയിംസ് വോളി ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ ടി. ബാലചന്ദ്രൻ – കാനായിയുടെ അഭിമാനം

പയ്യന്നൂർ: ഏഷ്യൻ ഗെയിംസ് 2023ലെ വനിത വോളിബാൾ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിതനായ പ്രമുഖ വോളിബാൾ കോച്ച് ടി. ബാലചന്ദ്രന് അഭിനന്ദന പ്രവാഹം. പയ്യന്നൂർ കാനായിലെ വീട്ടിലെത്തി ടി.ഐ. മധുസൂദനൻ എം.എൽ.എ. അഭിനന്ദിച്ചു. ബാലചന്ദ്രന്റെ സ്ഥാനലബ്ധി നാടിന് മൊത്തം അഭിമാനമാണെന്ന് എം.എൽ.എ. പറഞ്ഞു. മറ്റ് നിരവധി പ്രമുഖരും അഭിനന്ദിക്കാനെത്തി.
കാനായി ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ വോളിബാൾ ടീമിന്റെ ചീഫ് കോച്ചായി ഉയർന്നു വന്ന ബാലചന്ദ്രൻ ജോളി കാനായിയുടെ മുൻ വോളി നായകനാണ്. സ്വന്തം ഗ്രാമമായ കാനായിയിൽ വോളിബാളിനെ ജനകീയമാക്കിയത് ബാലചന്ദ്രന്റെ കളിയിലുള്ള മികവും പ്രയത്നവുമാണ്. 12-ാം വയസുമുതൽ കളിക്കളത്തിലിറങ്ങിയ ബാലചന്ദ്രൻ കഠിനാധ്വാനത്തിലൂടെയാണ് ഇന്ത്യൻ വോളിയുടെ അമരത്തെത്തിയത്.
പയ്യന്നൂർ കോളേജിൽ 1978-81 കാലഘട്ടത്തിൽ ബി.എ. ഇക്കണോമിക്സ് വിദ്യാർത്ഥിയും കോളേജ് വോളിബാൾ ടീം അംഗവും ആയിരുന്നു. കളിക്കാരനെന്ന നിലയിലും പരിശീലക വേഷത്തിലും ഒരുപോലെ തിളങ്ങിയിരുന്ന ഇദ്ദേഹം സായിയിൽ നിയമനം ലഭിക്കുന്നതിനു മുമ്പ് കോഴിക്കോട് ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിൽ ഒന്നരവർഷം ലക്‌ചററായി ജോലി ചെയ്തിരുന്നു. തുടർന്ന് 13 വർഷം മംഗളൂരു സർവകലാശാലയിലും ജോലിചെയ്‌തു.
2001ലാണ് തലശേരി സായികേന്ദ്രത്തിൽ ചേരുന്നത്. ഏഴ് തവണ ഇന്ത്യൻ ടീം പരിശീലകനായി. 2006 മുതൽ 21 ഇന്റർ നാഷണൽ താരങ്ങളെ സായിയിലൂടെ വളർത്തിയെടുത്തു. ഇതിൽ ഒമ്പത് പേർ ഏഷ്യൻ ഗെയിംസിലും പങ്കെടുത്തു.2014ൽ ചൈനീസ് തായ്‌പെയിൽ നടന്ന ജൂനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വോളി ടീമിന്റെ പരിശീലകനായിരുന്നു.
അന്തർ സർവകലാശാല വോളിബാൾ കിരീടം ഏഴുതവണ കണ്ണൂർ സർവകലാശാലയിലെത്തിയത് ബാലചന്ദ്രന്റെ പരിശീലക മിടുക്കിലാണ്. കേരളത്തിനും രാജ്യത്തിനുമായി സ്വന്തമാക്കിയ നേട്ടങ്ങളും അനവധിയാണ്. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രഥമ ബെസ്‌റ്റ് കോച്ച് പുരസ്‌കാരം നേടിയ ബാലചന്ദ്രൻ മൂന്നു വർഷം തുടർച്ചയായി മികച്ച കോച്ചിനുളള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. സർവീസ് കാലയളവിൽ തുടർച്ചയായി ഈ പുരസ്‌കാരം നേടിയ സായിയുടെ ഏക കോച്ചും ബാലചന്ദ്രനാണ്.