സംസ്ഥാനത്തെ 17 ഏകാധ്യാപക വിദ്യാലയങ്ങൾ നിർത്തലാക്കി
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 17 ഏകാധ്യാപക വിദ്യാലയങ്ങൾ നിർത്തലാക്കി.
ഇടുക്കി ജില്ലയിലെ മേമാരി, ഇഡലിപ്പാറക്കുടി എന്നീ ഏകാധ്യാപക വിദ്യാലയങ്ങൾ ഒഴികെയുള്ളവയാണ് നിർത്തലാക്കിയത്. സംസ്ഥാനത്ത് 19 ഏകാധ്യാപക വിദ്യാലയങ്ങളാണ് നിലവിലുണ്ടായിരുന്നത്.
നിർത്തലാക്കിയ സ്കൂളുകൾക്കു സമീപം പൊതുവിദ്യാലയങ്ങൾ ഉള്ളതിനാൽ വിദ്യാർഥികൾക്കു ബുദ്ധിമുട്ടില്ലെന്നു പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ നേരെത്തേ റിപ്പോർട്ട് നൽകിയിരുന്നു.
ജോലി നഷ്ടപ്പെടുന്ന 17 അധ്യാപകരെയും 17 ആയമാരെയും താൽക്കാലികാടിസ്ഥാനത്തിൽ ഫെസിലിറ്റേറ്റർമാരായി നിയമിച്ചു.
നിർത്തലാക്കിയ വിദ്യാലയങ്ങളിലെ പട്ടികവർഗ വിദ്യാർഥികളെ പൊതുവിദ്യാലയങ്ങളിൽ എത്തിക്കുക, കൊഴിഞ്ഞുപോക്ക് തടയുക, ഹാജരും തുടർപഠനാവസരങ്ങളും ഉറപ്പാക്കുക, വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കുക തുടങ്ങിയവയാണ് ഫെസിലിറ്റേറ്റർമാരുടെ ചുമതലകൾ.
പ്രൈമറി വിദ്യാഭ്യാസത്തിനു പ്രധാന്യം നൽകിയ ഡിപിഇപി പദ്ധതി പ്രകാരമാണ് 1994 ൽ ഏകാധ്യാപക സ്കൂളുകൾ സ്ഥാപിച്ചത്.