Kannur
എം.എൽ.എ ഫണ്ട് വിനിയോഗം; സമയബന്ധിതമായി എസ്റ്റിമേറ്റ് സമർപ്പിക്കണം

കണ്ണൂർ: എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളിന്മേൽ സമയബന്ധിതമായി എസ്റ്റിമേറ്റ് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാവണമെന്ന് ജില്ല വികസനസമിതി യോഗത്തിൽ എം.എൽ.എമാർ ആവശ്യപ്പെട്ടു. നിലവിൽ ആറ് മാസത്തിലേറെയാണ് പല പദ്ധതികളുടെയും എസ്റ്റിമേറ്റ് തയാറാക്കാൻ എടുക്കുന്നത്. ഇത് പദ്ധതി പൂർത്തീകരണത്തെ സാരമായി ബാധിക്കുന്നു. ഇക്കാര്യത്തിൽ ജില്ല കലക്ടർ ഇടപെടണം.
വകുപ്പുകൾ തമ്മിലുള്ള ഏകോപനം കാര്യക്ഷമമാക്കണം. എം.എൽ.എ ഫണ്ടിന്റെ കാര്യത്തിൽ അവലോകനം കൃത്യമായി നടക്കണമെന്നും കെ.പി. മോഹനൻ, കെ.വി. സുമേഷ് എന്നിവർ പറഞ്ഞു. വിഷയം തദ്ദേശ സ്വയംഭരണ ജോയന്റ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി രണ്ടാഴ്ചക്കകം പരിഹരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
പാപ്പിനിശ്ശേരി-ചൊവ്വ ദേശീയപാത കുഴികളടച്ച് ഓവർ ലേ ചെയ്യാത്തത് ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ടെന്നും കഴിഞ്ഞ തവണ കലക്ടറുടെ സാന്നിധ്യത്തിൽ കരാർ കമ്പനിയും എം.എൽ.എമാരുമായി ചേർന്ന യോഗത്തിന്റെ തീരുമാനം നടപ്പാക്കണമെന്നും കെ.വി. സുമേഷ് എം.എൽ.എ ആവശ്യപ്പെട്ടു. തന്ത്രപരമായി മിനുക്കുപണികൾ നടത്തുക മാത്രമാണ് കരാർ കമ്പനി ചെയ്യുന്നത്.
വലിയ അപകട സാധ്യതകളാണ് ഓരോ ദിവസവും റോഡിൽ ഉണ്ടാകുന്നത്. ഓവർ ലേ ടാറിങ് അടിയന്തരമായി ചെയ്യണമെന്നും എം.എൽ.എ പറഞ്ഞു. പ്രവൃത്തി ദിവസങ്ങളിൽ രാവിലെയും വൈകീട്ടും വലിയ വാഹനങ്ങളുടെയും കണ്ടെയ്നർ ട്രക്കുകളുടെയും യാത്ര നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപകടകാരികളാണെന്ന് പൂർണ ബോധ്യമുള്ള തെരുവ് നായ്ക്കളെ സി.ആർ.പി.സി 133 പ്രകാരം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലുന്നതിന് ജില്ല കലക്ടർ, സബ് കലക്ടർ, എ.ഡി.എം ഇവരിലാരുടെയെങ്കിലും ഉത്തരവിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് അനുവാദം നൽകാൻ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചതായി കലക്ടർ യോഗത്തെ അറിയിച്ചു.
എന്നാൽ, ഒരു പൊതു ഉത്തരവായി ഇത് നൽകാൻ കഴിയില്ലെന്നും അതീവ അപകടകാരികളെന്ന് തെളിവ് സഹിതം ബോധ്യമുള്ള നായ്ക്കളുടെ കാര്യത്തിൽ മാത്രമേ ഈയൊരു നടപടിയുണ്ടാകൂവെന്നും കലക്ടർ പറഞ്ഞു. തെരുവ് നായ് ശല്യം സംബന്ധിച്ച കെ.പി. മോഹനൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൂത്തുപറമ്പ് സ്റ്റേഡിയത്തിന്റെ പരിപാലന ചുമതല നഗരസഭ ഏറ്റെടുക്കണമെന്ന് യോഗം നിർദേശം നൽകി. കണ്ണൂർ നഗരപ്രദേശത്ത് രൂക്ഷമായ തെങ്ങോലപ്പുഴുശല്യം പരിഹരിക്കണമെന്ന രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ നിർദേശമനുസരിച്ച് മിത്ര കീടത്തെ ഉപയോഗിച്ചുള്ള നിയന്ത്രണ മാർഗങ്ങൾ പുരോഗമിക്കുന്നതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറിലുള്ള കുടിവെള്ള വിതരണം രണ്ടാഴ്ചത്തേക്ക് കൂടി തുടരാൻ യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.കണ്ണൂർ ഗവ. ഐ.ടി.ഐ കെട്ടിട നിർമാണം ജൂലൈ 31ന് പൂർത്തിയാക്കുമെന്ന് കെയ്സ് ജില്ല കോഓഡിനേറ്റർ അറിയിച്ചു. എടക്കാട് പി.എച്ച്.സിയിലെ ഡയാലിസിസ് യൂനിറ്റ് ഒരാഴ്ചക്കകം പ്രവർത്തനക്ഷമമാകുമെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചു.
ചപ്പാരപ്പടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണ പ്രവൃത്തി കിഫ്ബിയിൽ നിന്നുള്ള അനുമതി ലഭിക്കുന്ന മുറക്ക് തുടങ്ങുമെന്ന് കെ.ഐ.ഐ.ഡി.സി ഡെപ്യൂട്ടി ജനറൽ മാനേജർ അറിയിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ യോഗ നിർദേശത്തെ തുടർന്നാണിത്. കവ്വായി ബോട്ട് ജെട്ടി നിർമാണത്തിന്റെ ഭാഗമായി ഡ്രഡ്ജ് ചെയ്ത ചളിയും മണലും നീക്കം ചെയ്തതായി ഇൻലാന്റ് നാവിഗേഷൻ എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.
കണ്ണൂർ, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹി പാലത്തിന്റെ പുനരുദ്ധാരണത്തിന് 21 ലക്ഷം രൂപയുടെ വിശദമായ എസ്റ്റിമേറ്റ് ദേശീയപാത അതോറിറ്റിക്കും പാലത്തിന്റെ പഴക്കം കണക്കിലെടുത്ത് പകരം പുതിയ പാലം നിർമിക്കുന്നതിന് 20 കോടിയുടെ പ്രപ്പോസൽ സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിനും സമർപ്പിച്ചതായി പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
ആലക്കോട് താബോർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിക്കണമെന്ന സജീവ് ജോസഫ് എം.എൽ.എയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് താമസ സൗകര്യം നൽകിയാൽ സർവിസ് ഉടൻ ആരംഭിക്കാമെന്ന് ഡി.ടി.ഒ അറിയിച്ചു. നടുവിൽ പോളിടെക്നിക്ക് റൂട്ടിലേക്ക് സ്വകാര്യ ബസ് അനുവദിക്കണമെന്ന നിർദേശം പരിശോധിച്ച് നടപടിയെടുക്കാൻ ആർ.ടി.ഒയെ യോഗം ചുമതലപ്പെടുത്തി.
കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, സബ് കലക്ടർ സന്ദീപ് കുമാർ, അസി. കലക്ടർ മിസാൽ സാഗർ ഭരത്, ജില്ല പ്ലാനിങ് ഓഫിസറുടെ ചുമതലയുള്ള ടി. രാജേഷ് എന്നിവരും പങ്കെടുത്തു.
Kannur
ഖാദി വസ്ത്രങ്ങൾ ഇനി മുതൽ ഓൺലൈനിലും ലഭ്യമാകും

പയ്യന്നൂർ: ഖാദി ഇനി മുതൽ ഓൺലൈനിലും ലഭ്യമാകും. ഫാഷൻ ലോകത്തെ മാറുന്ന ട്രെൻഡിനൊപ്പമാണ് കേരള ഖാദി ഓൺലൈൻ വിപണിയിൽ കാലെടുത്തു വയ്ക്കുന്നത്. ഇതോടെ നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും ഗ്രാമവ്യവസായ ഉൽപന്നങ്ങളും ലോകത്ത് എവിടെ നിന്നും സ്വന്തമാക്കാം. ഗുണമേന്മയുള്ള ഖാദി വസ്ത്രങ്ങൾക്ക് കൂടുതൽ ജനപിന്തുണ ലഭിക്കുന്നതിനാലാണ് കേരള ഖാദിയുടെ പുതിയ ചുവടുവയ്പ്. ഖാദി കുട്ടിക്കുപ്പായം മുതൽ പട്ടുസാരികൾ വരെ ലഭ്യമാകും.
ഡിജിറ്റൽ ഫോട്ടോ പ്രിൻ്റിങ് ഉൾപ്പെടെ നൂതന ഡിസൈനുകൾ ഖാദിയിൽ ചെയ്‌തു നൽകും. സ്വീകാര്യതയ്ക്കനുസരിച്ച് കൂടുതൽ ഉൽപന്നങ്ങൾ ഓൺലൈൻ വിപണിയിലിറക്കുമെന്നും പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ഇടപെടലുകളുടെ ഭാഗമാണിതെ ന്നും ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ പറഞ്ഞു. ഓൺലൈൻ മാർക്കറ്റിന്റെ സാധ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഖാദി ബോർഡ് ഡിജിറ്റൽ തൊഴിലവസരവും ഒരുക്കുന്നുണ്ട്. ഉൽപന്നങ്ങളുടെ ഡിജിറ്റൽ പ്രചാരണം നടത്തി സ്വയം തൊഴിൽ വരുമാന പദ്ധതിയുടെ ഭാഗമാകാൻ യുവാക്കൾക്ക് അവസരം സൃഷ്ടിക്കുകയാണ് ഖാദി ബോർഡ്.
ലോകത്തെമ്പാടുമുള്ള മലയാളികൾ കേരള ഖാദി വസ്ത്രങ്ങൾക്ക് ഓൺലൈനിലൂടെ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ള യുവതീയുവാക്കൾക്ക് കേരള ഖാദിയുടെ ഭാഗമാകാൻ അവസരം ലഭിക്കും. ഖാദി വൈബ്‌സ് ആൻഡ് ട്രെൻഡ്‌സിന്റെ ഉൽപന്നങ്ങളുടെ ഡിജിറ്റൽ പബ്ലിസിറ്റി നടത്തി ഡിജിറ്റൽ മാനേജ്മെൻ്റ് കൺസൽട്ടന്റുമാർ, ഡിജിറ്റൽ മാനേജ്‌മെന്റ്റ് ഡീലേഴ്‌സ് എന്ന നിലയിൽ സ്വയം തൊഴിൽ വരുമാന പദ്ധതിയിലേക്ക് അപേക്ഷിക്കാം. 20 നും 35നും ഇടയിൽ പ്രായമുള്ള പ്ലസ്ട്രു, ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഖാദി ബോർഡിന്റെ പയ്യന്നൂർ ഖാദി സെന്ററിലേക്ക് ഇ-മെയിൽ, വാട്സാപ് മുഖേന ബയോഡാറ്റ അയയ്ക്കണം. ഏപ്രിൽ 30നകം അപേക്ഷ ലഭിക്കണം. ഇമെയിൽ : dpkc@kkvib.org,വാട്‌സാപ് ഫോൺ: 9496661527, 9526127474.
Kannur
മികവോടെ മുന്നേറി കല്ല്യാശ്ശേരി സിവിൽ സർവീസ് അക്കാദമി

കല്ല്യാശ്ശേരി: സിവിൽ സർവീസ് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ യുവജനങ്ങൾക്ക് മിതമായ ഫീസ് നിരക്കിൽ തീവ്ര പരിശീലനം നൽകുന്ന, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്റെ കീഴിലുള്ള കേരള സിവിൽ സർവീസ് അക്കാദമി 14 സബ് സെന്ററുകളുമായി ജൈത്ര യാത്ര തുടരുകയാണ്. ഉത്തര മലബാറിലെ ആദ്യ സിവിൽ സർവീസ് അക്കാദമിയായത്കൊണ്ടുതന്നെ കല്യാശ്ശേരി കെ എസ് സി എസ് എ ക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ബിരുദധാരികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നതോടൊപ്പംതന്നെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് സിവിൽ സർവീസിനായി നേരത്തെ തയ്യാറെടുത്ത് ഗൈഡൻസ് ക്ലാസുകൾ നൽകാനും ഇവർ മുൻകൈ എടുക്കുന്നുണ്ട്. ഹൈസ്കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ, ടാലന്റ് ഡെവലപ്മെന്റ് കോഴ്സുകളിൽ എങ്ങനെ പത്രം വായിക്കണം, ഏത് രീതിയിൽ നോട്ട് തയ്യാറാക്കണം, എൻസിഇആർടി പുസ്തകങ്ങളിലെ മാനവിക വിഷയങ്ങൾ ഏത് രീതിയിൽ പഠിക്കണം തുടങ്ങിയവ ഉൾപ്പെടുന്നു. ബിരുദം പൂർത്തിയാക്കിയവർക്കുള്ള ഒരു വർഷ പ്രിലിംസ് കം മെയിൻസ് റെഗുലർ ബാച്ചുകൾ എല്ലാ വർഷവും ജൂണിലാണ് ആരംഭിക്കുന്നത്. ഈ കാലയളവിൽ നടത്തുന്ന 38 മാതൃകാ പരീക്ഷകളിലൂടെ വിദ്യാർഥികൾക്ക് അവരുടെ നിലവാരം വിലയിരുത്താൻ സാധിക്കുന്നു.
കോളേജ് വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കുമായി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും പിസിഎം വീക്കെൻഡ് കോഴ്സുമുണ്ട്. മലയാളം, സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, പൊതുഭരണം തുടങ്ങിയ ഐച്ഛിക വിഷയങ്ങൾക്കുള്ള പ്രത്യേക ക്ലാസുകളുമുണ്ട്. പ്രിലിംസ് പാസാകുന്ന വിദ്യാർഥികൾക്ക് സൗജന്യ മെയിൻസ് പരീക്ഷാ പരിശീലനവും മെയിൻസ് കടക്കുന്നവർക്ക് പേഴ്സണാലിറ്റി ടെസ്റ്റിനുള്ള പരിശീലനവും നൽകിവരുന്നു. ഉദ്യോഗാർഥികളുടെ ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും അക്കാദമി ഒരുക്കുന്നു. ലക്ഷ്യ സ്കോളർഷിപ്പ് പരീക്ഷ പാസായ എസ് സി വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യവും ഇ ഗ്രാന്റ്സും ലഭിക്കും. മറ്റ് വിഭാഗക്കാർക്ക് അതാത് വകുപ്പുകളുടെ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കും. ലൈബ്രറി, വായനാമുറി, മെന്റർഷിപ്പ് പ്രോഗ്രാം, സിവിൽ സർവീസ് ഓഫീസേഴ്സുമായി ഇന്ററാക്ടീവ് സെഷൻ എന്നിവയും കല്ല്യാശ്ശേരി സിവിൽ സർവീസ് അക്കാദമിയുടെ പ്രത്യേകതകളാണ്. 2005 ൽ സിവിൽ സർവീസ് അക്കാദമി സ്ഥാപിക്കപ്പെട്ടതിന് ശേഷം വർഷംതോറും വിജയികളുടെ എണ്ണം കൂടി വരികയാണ്. 2024 ൽ ഇത് 54 ആയിരുന്നു. കഠിനാധ്വാനം ചെയ്യുവാൻ തയ്യാറുള്ള ഏതൊരു വ്യക്തിയ്ക്കും നേടിയെടുക്കുവാൻ കഴിയുന്ന ഒന്നായി ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ മാറിയ സാഹചര്യത്തിൽ കേരള സിവിൽ സർവീസ് അക്കാദമിയുടെ പ്രാധാന്യവും ദിനംപ്രതി കൂടുകയാണ്.
Kannur
നാല് കോടി രൂപയുടെ മരുന്നെത്തിയില്ല; പരിയാരത്ത് മരുന്നുക്ഷാമം

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ മരുന്നു ക്ഷാമം രൂക്ഷം. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളിൽ പലതും ഫാർമസിയിൽനിന്നു കിട്ടാനില്ലെന്നു പരാതി. ആന്റിബയോട്ടിക്കുകൾ, കുട്ടികൾക്കുള്ള മരുന്ന്, ഗർഭിണികൾക്കുള്ള അയേൺ, കാൽസ്യം ഗുളികകൾ, പ്രമേഹ രോഗികൾക്കും മറ്റു ജീവിതശൈലീ രോഗങ്ങൾക്കുമുള്ള മരുന്നുകൾ തുടങ്ങിയ പലതും ലഭിക്കുന്നില്ല. മണിക്കൂറുകളോളം വരി നിന്ന് ഫാർമസി കൗണ്ടറിലെത്തുമ്പോഴാണ് മരുന്ന് ഇല്ലെന്നു അറിയുന്നത്. സർക്കാർ ഫാർമസിയിൽ മരുന്ന് ലഭിക്കാത്തതിനാൽ പുറമേനിന്നു മരുന്നു വാങ്ങാൻ വൻതുക ചെലവഴിക്കണം. ഇത് സാധാരണക്കാരായ രോഗികൾക്ക് ഏറെ പ്രയാസമാണ്. അതിനാൽ സർക്കാർ ഫാർമസിയിൽ നിന്നും കിട്ടിയ മരുന്നുകൊണ്ടു തൃപ്തിപ്പെടുകയാണെന്നു പല രോഗികൾ പറയുന്നു. ആരോഗ്യ വകുപ്പ് അനുവദിച്ച മരുന്നിന്റെ നല്ലൊരു ശതമാനം പരിയാരം ഗവ. മെഡിക്കൽ കോളജിൽ ലഭിക്കാത്തതിനാലാണ് ഇപ്പോൾ മരുന്നു ക്ഷാമത്തിനു കാരണമായത്. പ്രതിവർഷം 15 കോടി രൂപയുടെ മരുന്നാണ് പരിയാരത്തേക്ക് അനുവദിച്ചത്. എന്നാൽ ഇതിൽ 11 കോടി രൂപയുടെ മരുന്നു മാത്രമാണ് ലഭിച്ചത്.
എ.സി വേണം മരുന്നിന്
മരുന്നു സൂക്ഷിക്കുന്ന സ്റ്റോറിലും സർക്കാർ ഫാർമസികളിലും എ.സി സംവിധാനം ഇല്ലാത്തതിനാൽ പല മരുന്നുകളും നശിക്കുകയാണെന്നും ഗുണനിലവാരത്തെ ബാധിക്കുകയാണെന്നും പരാതി. പരിയാരം ഗവ. മെഡിക്കൽ കോളജിൽ മരുന്നു സൂക്ഷിക്കുന്ന സ്റ്റോർ കെട്ടിടത്തിലും സർക്കാർ ഫാർമസികളിലും എ.സി സംവിധാനമില്ല. ഇതിനാൽ ചില ഗുളികകൾ പൊടിഞ്ഞു നശിക്കുന്നുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്