തുന്നിയെടുക്കട്ടെ ജീവിത വിജയം; സ്വന്തമായി യൂണിഫോം തയ്ച്ച് അഞ്ചാം ക്ലാസുകാരി

അണ്ണക്കമ്പാട് :തയ്യല്‍മെഷീനില്‍ അമ്മ തുണികള്‍ തയ്ക്കുന്നതു കണ്ടു തുടങ്ങിയ കൗതുകമാണ്. അഞ്ചാം ക്ലാസിലെത്തിയപ്പോഴേക്കും സ്വന്തമായി തുന്നിയ യൂണിഫോം അനാമികയ്ക്ക് സ്വന്തം. ഈ വര്‍ഷത്തെ യൂണിഫോമിനുള്ള തുണി കിട്ടിയപ്പോള്‍ തുടങ്ങിയ ആഗ്രഹമായിരുന്നു അത്.
ചുരിദാറും പാന്റും ഓവര്‍കോട്ടുമെല്ലാം കുട്ടി തുന്നിയാല്‍ തുണി നാശമാകുമോ എന്ന ആശങ്ക രക്ഷിതാക്കള്‍ക്കുണ്ടായിരുന്നു. ഒടുവില്‍ അനാമികയുടെ ആഗ്രഹത്തിന് അവരും സമ്മതംമൂളി. വെറൂര്‍ എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അനാമിക സ്വന്തമായി തയ്ച്ച യൂണിഫോമണിഞ്ഞ് സ്‌കൂളിലെത്തി.
അണ്ണക്കമ്പാട് കായലുംപളത്ത് ഷാജേഷിന്റെയും പ്രസീനയുടെയും മകളാണ് അനാമിക. വീട്ടില്‍ അത്യാവശ്യത്തിനുള്ള തുന്നല്‍പ്പണികള്‍ പ്രസീന ചെയ്യാറുണ്ട്. ചെറുപ്പം മുതലേ അതുകണ്ട അനാമികയ്ക്കും തയ്യലില്‍ കമ്പംകയറി. തന്റെ പാവക്കുട്ടികള്‍ക്ക് ഉടുപ്പു തുന്നിയാണു തുടക്കം. ആ പരിചയമാണ് സ്വന്തം യൂണിഫോമിലും പരീക്ഷണത്തിനു ധൈര്യംനല്‍കിയത്. തുന്നിയപ്പോള്‍ ഒന്നാംതരം യൂണിഫോമായി.
കാല്‍കൊണ്ട് ചവുട്ടിക്കറക്കുന്ന തയ്യല്‍മെഷീനില്‍ ഇരുന്നടിക്കാന്‍ പറ്റാത്തതിനാല്‍ ഒരു കാല്‍കൊണ്ട് ചവിട്ടി ഒറ്റക്കാലില്‍നിന്ന് രണ്ടു ദിവസം കൊണ്ടാണ് ഈ മിടുക്കി രണ്ടു ജോഡി യൂണിഫോം തയ്ച്ചത്. വിവരമറിഞ്ഞ് അധ്യാപികമാരും സഹപാഠികളുമെല്ലാം അനാമികയെ അനുമോദിച്ചു.