ജീവിതം തെളിഞ്ഞു, ദുരിതക്കുരുക്കിൽ നിന്ന്… കോൺഗ്രസ് പ്രവർത്തകരുടെ റോഡ് ഉപരോധത്തിനിടെ സംഭവിച്ചതെന്ത്?

കണ്ണൂർ : കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിനിടെ, ഗതാഗതക്കുരുക്കിൽപ്പെട്ടു ബസിൽ നിന്നിറങ്ങി, ജന്മനാ കാലിനു സ്വാധീനമില്ലാത്ത മകനെ ചുമലിലേറ്റി നടന്ന അമ്മയെ തേടിയെത്തിയത് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന സഹായം. മാലൂർ ഇടപഴശ്ശി ശ്രീദീപം വീട്ടിലെ പ്രജിഷ മകൻ ദേവതീർഥിനെ(13) ഡോക്ടറെ കാണിക്കാനാണ് ഇന്നലെ പതിനൊന്നരയോടെ കണ്ണൂർ നഗരത്തിലെത്തിയത്.
കോൺഗ്രസുകാരുടെ റോഡ് ഉപരോധം കാരണം ബസ് ചേംബർ ഹാളിനു സമീപത്തു കുരുക്കിൽപ്പെട്ടു. സമയം പോകുമെന്നതിനാൽ നിർത്തിയിട്ട ബസിൽ നിന്നിറങ്ങിയ പ്രജിഷ മകനെ ചുമലിലേറ്റി നടന്നു. മകനെ ചുമലിലെടുത്തു നടക്കാൻ വിഷമിക്കുന്ന പ്രജിഷയെ കണ്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പിയുടെ വാഹനത്തിന്റെ ഡ്രൈവർ ടി.കെ.നിനിൽ അടുത്തെത്തി വിവരം തിരക്കി.
തുടർന്ന് ആസ്പത്രിയിലേക്ക് പോകാൻ ഓട്ടോറിക്ഷ തരപ്പെടുത്തി കൊടുത്തു. പ്രജിഷയുടെയും ദേവതീർഥിന്റെയും അവസ്ഥ നിനിൽ കെ.സുധാകരൻ എം.പിയെയും ഓഫിസിനെയും അറിയിച്ചു. ദേവതീർഥിന് ഒരു ഇലക്ട്രോണിക്ക് വീൽചെയർ അനുവദിക്കാനുള്ള നടപടികൾ നീക്കാൻ എം.പി ഓഫിസിനോടു നിർദേശിച്ചു. ഒന്നേകാൽ ലക്ഷത്തോളം വില വരുന്ന ഇലക്ട്രോണിക് വീൽചെയർ ദേവതീർഥിനു നൽകാനുള്ള നടപടികൾ ഓഫിസ് ആരംഭിച്ചു.