എം.വി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ടകേസ് നൽകുമെന്ന് കെ.സുധാകരൻ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ട കേസ് നൽകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. മോൻസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് സുധാകരനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നതെന്ന് എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് മാനനഷ്ട കേസ്.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും സുധാകരൻ അറിയിച്ചു. രാജിക്കാര്യം അടഞ്ഞ അധ്യായമാണ്. രാജിസന്നദ്ധത അറിയിച്ചപ്പോൾ തന്നെ ഹൈക്കമാൻഡും സംസ്ഥാനത്തെ മറ്റ് കോൺഗ്രസ് നേതാക്കളും സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടുവെന്നും സുധാകരൻ പറഞ്ഞു.
പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ മോൻസൺ മാവുങ്കൽ പീഡിപ്പിക്കുമ്പോൾ സുധാകരനും അവിടെയുണ്ടായിരുന്നുവെന്ന ഗൗരവകരമായ ആരോപണമാണ് എം.വി ഗോവിന്ദൻ ഉന്നയിച്ചത്. ഇക്കാര്യം കേസിലെ അതിജീവിത തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഈ കേസിൽ ചോദ്യം ചെയ്യുന്നതിനാണ് സുധാകരനെ വിളിപ്പിച്ചതെന്നുമായിരുന്നു എം.വി ഗോവിന്ദന്റെ പ്രസ്താവന.
ദേശാഭിമാനിയിൽ വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് താൻ വെളിപ്പെടുത്തൽ നടത്തുന്നതെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പോക്സോ കേസുമായി ബന്ധപ്പെട്ടല്ല സാമ്പത്തിക തട്ടിപ്പിലാണ് സുധാകരനെ ചോദ്യം ചെയ്യുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.