സര്‍ക്കാര്‍ സര്‍വീസിലെ നഴ്‌സുമാര്‍ക്ക് വേതനത്തോടെ തുടര്‍പഠനം ; ആനുകൂല്യങ്ങള്‍ നിര്‍ത്തി

സര്‍ക്കാര്‍ സര്‍വ്വീസിലുള്ള നഴ്‌സുമാര്‍ക്ക് വേതനത്തോടെ തുടര്‍പഠനം നടത്തുന്നതിനുള്ള വഴിയടച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ക്ക് ക്വാട്ട അടിസ്ഥാനത്തില്‍ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്‌സിങ് പഠിക്കുന്നതിനുള്ള ഡെപ്യൂട്ടേഷന്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി. സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് നഴ്‌സിങ് സംഘടനകള്‍ക്കുള്ളത്.
രണ്ട് വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് പഠനത്തിന് സര്‍വ്വീസിലുള്ള നിശ്ചിത വിഭാഗം നഴ്‌സുമാര്‍ക്ക് അഡ്മിഷന്‍ നല്‍കാറുണ്ട്. സാമ്പത്തികമായി ഉള്‍പ്പടെ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് വേതനവും ആനുകൂല്യങ്ങളും സഹിതം തുടര്‍പഠനത്തിനുള്ള ഈ സൗകര്യം ഉപയോഗപ്രദമായിരുന്നു.
പുതിയ പ്രോസ്‌പെക്ടസ് പ്രകാരം കോഴ്‌സിന് സര്‍വ്വീസ് ക്വോട്ടയില്‍ നിന്നുള്ളവര്‍ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലുള്ള വേതനം, ആനുകൂല്യങ്ങള്‍ എന്നിവ നല്‍കില്ലെന്നാണ് ഉത്തരവ്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള ശുപാര്‍ശ പ്രകാരമാണ് പുതിയ നടപടി. മറ്റ് കോഴ്‌സുകള്‍ക്കും ഈ സൗകര്യം നിര്‍ത്തിയതു കൊണ്ടാണ് നഴ്‌സിങ് പഠനത്തിലും ഈ തീരുമാനമെന്നാണ് വിശദീകരണം.
സര്‍ക്കാര്‍ വേതനം പറ്റി ഈ പഠനം പൂര്‍ത്തിയാക്കിയാല്‍ നിശ്ചിതകാലത്തേക്ക് ഇവര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ തുടരണമെന്ന് വ്യവസ്ഥയുണ്ട്. സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ നിന്ന് നഴ്‌സുമാരുടെ വിദേശ കുടിയേറ്റം കുത്തനെ കൂടിയിരിക്കെയാണ് പുതിയ തീരുമാനമെന്നതും ശ്രദ്ധേയം.