ജി പേയ്ക്കും പേ ടി എമ്മിനും വെല്ലുവിളിയാവുമോ ആപ്പിള്‍ പേ? ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ നീക്കം

ആപ്പിള്‍ തങ്ങളുടെ പണമിടപാട് സേവനമായ ആപ്പിള്‍ പേ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. ഗൂഗിള്‍ പേ, പേ ടിഎം തുടങ്ങിയ കമ്പനികള്‍ അരങ്ങു വാഴുന്നയിടത്തേക്കാണ് ആപ്പിള്‍ പേയുടെ വരവ്. ഇതുമായി ബന്ധപ്പെട്ട് കമ്പനി നാഷണല്‍ പേമന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍.പി.സി.ഐ.) ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പദ്ധതിയുമായി ആപ്പിള്‍ മുന്നോട്ട് പോവുകയാണ്.
ഇന്ത്യന്‍ വിപണി പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. ആപ്പിള്‍ പേ ഇന്ത്യയില്‍ എത്തുന്നതോടെ യു.പി.ഐ. സംവിധാനം വഴിയുള്ള പണമിടപാടുകള്‍ നടത്താന്‍ ആപ്പിള്‍ പേ ആപ്പ് ഉപയോഗിക്കാനാവും. ഇതുമായി ബന്ധപ്പെട്ട് ആപ്പിളോ എന്‍.പി.സിഐയോ പ്രതികരിച്ചിട്ടില്ല. ഇന്ത്യയില്‍ വളരെയധികം സ്വീകാര്യത നേടിയ സംവിധാനമാണ് യു.പി.ഐ. രാജ്യത്തെ വലിയൊരു വിഭാഗം ആളുകളും ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് നീങ്ങിയിട്ടുണ്ട്. 2022 മുതല്‍ 23 വരെയുള്ള ഡിജിറ്റല്‍ പണമിടപാടുകളില്‍ 75 ശതമാനവും യു.പി.ഐ. വഴിയാണ്. ഇത് 2026-27 ആവുമ്പോഴേക്കും പ്രതിദിനം നൂറ് കോടി എന്ന നിലയിലക്ക് ഉയരും എന്നാണ് വിദഗ്ദാഭിപ്രായം.
ആപ്പിളിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലാണ് ആപ്പിള്‍ പേ പ്രവര്‍ത്തിക്കുക. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ് എന്നിവയെല്ലാം ഇതുമായി ബന്ധിപ്പിക്കാം. അടുത്തിടെ യു.എസില്‍ പേ ലേറ്റര്‍ സൗകര്യവും ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. ഏഷ്യ പസഫിക് മേഖലയിലെ ചൈനയുള്‍പ്പടെയുള്ള 10 രാജ്യങ്ങളടക്കം 77-ഓളം രാജ്യങ്ങളില്‍ ആപ്പിള്‍ പേ നിലവില്‍ ലഭ്യമാണ്.
പി.ഒ.എസ്. യന്ത്രക്കള്‍ക്കരികെ ഐ ഫോണോ ആപ്പിള്‍ വാച്ചോ ചേര്‍ത്തുവെച്ച് പണമിടപാട് നടത്താനാവുന്ന എന്‍.എഫ്.സി. സാങ്കേതികവിദ്യയും ആപ്പിള്‍ പേ പിന്തുണയ്ക്കും. ഇന്ത്യയില്‍ ലഭ്യമായ പല ആന്‍ഡ്രോയിഡ് ഫോണുകളിലും എന്‍.എഫ്.സി. ലഭ്യമല്ല. എങ്കിലും എന്‍.എഫ്.സി. അടിസ്ഥാനമാക്കിയുള്ള പേമെന്റ് സൗകര്യം ജി പേ, പേ ടിഎം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലുമുണ്ട്. എന്നാല്‍ ചില ഫോണുകളില്‍ മാത്രമേ അവ പ്രയോജനപ്പെടുത്താനാവൂ. നിലവിലുള്ള ഐഫോണുകളെല്ലാം അതിന് പ്രാപ്തമാണ്.