പേരാവൂർ താലൂക്ക് ആസ്പത്രിക്കുള്ളിലെ പൊതുവഴി: ഇടപെടില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ

പേരാവൂർ : പേരാവൂർ താലൂക്ക് ആസ്പത്രി പരിസരത്ത് വർഷങ്ങളായി പൊതുജനം ഉപയോഗിക്കുന്ന വഴി നാട്ടുകാർക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടില്ല.
വിഷയം കൂത്തുപറമ്പ് മുൻസിഫ് കോടതിയുടെ പരിഗണനയിലായതുകൊണ്ടാണ് മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം ഇടപെടാൻ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് വിസമ്മിച്ചത്. അതേസമയം, റോഡ് പൊതുവഴിയല്ലെന്നും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാവില്ലെന്നും ആസ്പത്രി സൂപ്രണ്ട് കമ്മിഷനെ അറിയിച്ചു. ആറളം ഫാം ഉൾപ്പെടുന്ന 50-ഓളം ആദിവാസികോളനിയിലെ രോഗികൾക്ക് ചികിത്സ നൽകുന്ന സ്ഥാപനമായതിനാൽ ആസ്പത്രിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.
അതേസമയം നിയമപ്രകാരം റോഡ് പൊതുവഴിയായി സംരക്ഷിക്കാൻ പേരാവൂർ ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചത്.
ആസ്പത്രിക്കുള്ളിലുളള റോഡ് പരിസരവാസികളും പൊതുജനവും വർഷങ്ങളായി ഉപയോഗിക്കുന്നതാണ്. എന്നാൽ, പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ റോഡ് ഉൾപ്പെട്ടിട്ടില്ല. പേരാവൂർ ഗവ. താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന മിനിക്കൽ ഖാദർ സമർപ്പിച്ച പരാതിയിലാണ് നടപടി.