പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിന് കീഴിൽ പുതിയ ആർട്സ് ആൻഡ് സയൻസ് കോളേജ്

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിനുകീഴിൽ നൂതന കോഴ്സുകളുമായി പുതിയ ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങുന്നു. എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജിന്റെയും പറശ്ശിനിക്കടവ് പാമ്പുവളർത്തു കേന്ദ്രത്തിന്റെയും സഹകരണത്തോടെ ഏറ്റവുംമികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് സ്ഥാപനം തുടങ്ങുന്നതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. എം.വി.ആർ. ആയുർവേദ കോളേജ്, ഫാർമസി കോളേജ്, നഴ്സിങ് കോളേജ് എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ സ്ഥാപനവും തുടങ്ങുന്നത്.
ബയോ ടെക്നോളജി, ബയോ കെമിസ്ട്രി, മൈക്രോ ബയോളജി, പ്ലാന്റ് സയൻസ്, ഫോറസ്ട്രി എന്നീ ബിരുദ കോഴ്സുകളും ബിരുദാനന്തര ബിരുദതലത്തിൽ ഫോറസ്ട്രിയും പുതിയ കോളേജിൽ ഉണ്ടായിരിക്കും. ഫോറസ്ട്രിയിൽ പി.ജി. കോഴ്സ് സംസ്ഥാനത്തുതന്നെ ആദ്യമാണെന്നും കോളേജ് അധികൃതർ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ കോളേജ് ചെയർമാൻ പ്രൊഫ. ഇ. കുഞ്ഞിരാമൻ, പ്രിൻസിപ്പൽ കെ. ഗീതാനന്ദൻ, ഡോ. ആർ. ദിലീപ് കുമാർ, ഡോ. സി.കെ. കവിത, അമൃത രാജൻ, കെ.പി. രമേശൻ എന്നിവർ സംസാരിച്ചു.