മകം കലം വരവ് ഇന്ന്; സ്ത്രീകൾക്ക് പ്രവേശനം ഉച്ചവരെ,

Share our post

കൊട്ടിയൂർ: യാഗോത്സവം എന്നറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവം സമാപിക്കാൻ ഇനി നാല് നാളുകൾ മാത്രം. ഉത്സവത്തിന്റെ ആറാം ഘട്ടമായ മകം കലം വരവും കലശപൂജകളുമാണ് ഈ ദിവസങ്ങളിലെ പ്രധാന ചടങ്ങുകൾ. കലം വരവിനു മുൻപ് 24 ന് ശനിയാഴ്ച ഉച്ചപ്പൂജക്ക് ശേഷം സ്ത്രീകളും ആനകളും വിശേഷവാദ്യങ്ങളും അക്കരെ കൊട്ടിയൂരിൽ നിന്നും പിൻവലിയും.

യാഗോത്സവത്തിലെ ഓരോ ചടങ്ങുകൾക്കും മറ്റൊരുത്സവത്തിലും കാണാത്ത വൈശിഷ്ട്യവും ആചാരങ്ങളും അടങ്ങിയിരിക്കുന്നു. ഓരോ ചടങ്ങുകൾക്കും വ്യത്യസ്ത സ്ഥാനികരും അവരുടേതായ ആചാര രീതികളുമുണ്ട്. പ്രകൃതിയോടൊത്തിണങ്ങിപ്പോകുന്ന ഒരു ഉത്സവം എന്ന നിലയിൽ ഇത്തരം ആചാരപരമായ എല്ലാ ചടങ്ങുകൾക്കും കർമ്മങ്ങൾക്കും പ്രകൃതിദത്തമായ വസ്തുക്കളാണുപയോഗിക്കുന്നത് .

28 നാൾ നീണ്ടുനിൽക്കുന്ന വൈശാഖ മഹോത്സവത്തിന്റെ ആറാം ഘട്ടം മകം നാള്‍ തൊട്ടാണ് ആരംഭിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ട ചടങ്ങാണ് ശനിയാഴ്ച നടക്കുന്ന കലം വരവ്. ഉത്സവത്തിലെ അതി പ്രധാന ചടങ്ങുകളാണ് മകം, പൂരം, ഉത്രം നാളുകളില്‍ നടക്കുന്ന കലശപൂജകള്‍.

ഈ ചടങ്ങുകള്‍ക്കാവശ്യമായ മണ്‍കലങ്ങള്‍ അക്കരെ ക്ഷേത്രത്തിലെത്തിക്കുന്ന ചടങ്ങാണ് കലം വരവ്. നല്ലൂരാന്‍ എന്ന് വിളിക്കുന്ന കുലാല സ്ഥാനികന്റെ നേതൃത്വത്തിലാണ് മൺകലങ്ങൾ കൊട്ടിയൂരിൽ എത്തിക്കുന്നത്.

നാലാമത്തെ ചതുശ്ശതമായ അത്തം ചതുശ്ശതം 27 ന് നടക്കും. 28 ന് തൃക്കലശാട്ടോടെയാണ് ഉത്സവം സമാപിക്കുക. വെള്ളിയാഴ്ചയും കൊട്ടിയൂരിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത് .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!