മഅദനി തിങ്കളാഴ്ച കേരളത്തിലെത്തും

ബെംഗളൂരു: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി തിങ്കളാഴ്ച കേരളത്തിലെത്തും. ബെംഗളൂരു സ്‌ഫോടനകേസില്‍ പ്രതിയായ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് കേരളത്തിലേക്ക് വരാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും യാത്ര അകമ്പടി ചെലവ് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.
ബെംഗളൂരുവില്‍ കഴിയുന്ന ഏപ്രില്‍ 17-നാണ് മൂന്ന് മാസത്തേക്ക് കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് നല്‍കിയത്. കര്‍ണാടക പോലീസിന്റെ അകമ്പടിയിലാകണം കേരളത്തിലേക്ക് പോകേണ്ടതെന്നും കോടതി നിര്‍ദേശമുണ്ടായിരുന്നു. സുരക്ഷാ ചെലവിലേക്കായി പ്രതിമാസം 20.23 ലക്ഷം രൂപവീതം നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് മഅദനിയുടെ യാത്ര അനിശ്ചിതത്വത്തിലായത്. തുടര്‍ന്ന് കര്‍ണാടകയില്‍ സര്‍ക്കാര്‍ മാറിയതിന് ശേഷം കെ.സി.വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഇടപെടല്‍ നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച അദ്ദേഹം കേരളത്തിലേക്ക് എത്തുമെന്ന് പി.ഡി.പി നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് മാസത്തേക്കുള്ള ജാമ്യ വ്യവസ്ഥയിലെ ഇളവില്‍ ഇനി ദിവസങ്ങള്‍ മാത്രമേ മഅദനിക്ക് കേരളത്തില്‍ തുടരാനാകൂ. ബെംഗളൂരു കമ്മിഷണര്‍ ഓഫീസില്‍ നിന്ന് യാത്രയ്ക്കുള്ള അനുമതി ലഭിച്ചതായാണ് കുടുംബം അറിയിക്കുന്നത്. യാത്ര അകമ്പടിക്കുള്ള ചെലവില്‍ ഇളവ് നല്‍കുമെന്ന് സൂചനയുണ്ടെങ്കിലും തിങ്കളാഴ്ചയാകും പോലീസ് ഇത് സംബന്ധിച്ച് വ്യക്തത നല്‍കുക.
ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് പ്രധാനമായും കേരളത്തിലേക്കുള്ള മഅദനിയുടെ വരവ്. തിങ്കളാഴ്ച വൈകീട്ടോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന മഅദനി തുടര്‍ന്ന് അന്‍വാര്‍ശേരിയിലേക്ക് തിരിക്കുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു.