ഹോട്ടല്‍ വ്യാപാരിയുടെ കൊലപാതകം: പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലീസ്

കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ദീഖ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം ശനിയാഴ്ച പരിഗണിക്കും.
കേസിന്റെ അന്വേഷണം തിരൂര്‍ പോലീസില്‍നിന്ന് നടക്കാവ് പോലീസ് ഏറ്റെടുത്ത സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയെ സമീപിച്ചത്.
കേസിലെ പ്രതികളായ വല്ലപ്പുഴ ചെറുകോട് ആച്ചീരിത്തൊടി മുഹമ്മദ് ഷിബിലി (23), ചെര്‍പ്പുളശ്ശേരി ചളവറ കുട്ടുതൊടി കദീജത്തുല്‍ ഫര്‍ഹാന (18), മേച്ചേരി വല്ലപ്പുഴ വാലുപറമ്പില്‍ മുഹമ്മദ് ആഷിഖ് എന്ന സിക്കു (26) എന്നിവരെ നടക്കാവ് പോലീസ്, കോഴിക്കോട് നാലാം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ചുമതലയുള്ള ഏഴാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
മൂന്നുപ്രതികളെയും ജൂലായ് എഴുവരെ റിമാന്‍ഡ് ചെയ്ത കോടതി ഇവരെ വീണ്ടും അഞ്ചുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയാണ് കൂടുതല്‍ വാദം കേള്‍ക്കാന്‍ ശനിയാഴ്ചത്തേക്ക് മാറ്റിയത്.
ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ജെഫ്രി ജോര്‍ജ് ജോസഫാണ് അപേക്ഷ നല്‍കിയത്. പ്രതികളുടെ അഭിഭാഷകനായ ബി.എ. ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകരായ ഹിജാസ് അഹമ്മദ്, അബ്ദുല്‍റഷീദ് എന്നിവര്‍ അപേക്ഷയെ എതിര്‍ത്തു.