ഇതരസംസ്ഥാന തൊഴിലാളി വഴിയരികിൽ മരിച്ചനിലയിൽ

കൊട്ടാരക്കര: ഇതരസംസ്ഥാന തൊഴിലാളിയെ റോഡരികിൽ കടത്തിണ്ണയോടു ചേർന്നു മരിച്ചനിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി ദേവ് ബറുവ (30) ആണു മരിച്ചതെന്നാണ് പോലീസ് നിഗമനം.
കൊട്ടാരക്കര – ഓയൂർ റൂട്ടിൽ അർബൻ ബാങ്കിനു സമീപം ഇന്നു പുലർച്ചെയാണ് മൃതദേഹം കണ്ടത്. തല പൊട്ടി രക്തം വാർന്ന നിലയിലാണ് മൃതദേഹം. സമീപത്തു രക്തം പുരണ്ട കല്ലും കാണപ്പെട്ടു. കൊലപാതകമാണെന്നാണു സംശയം.
കൊട്ടാരക്കര പോലീസെത്തി പ്രാഥമിക പരിശോധനകൾ നടത്തി മൃതദേഹം താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി. സമീപത്തെ സിസിടിവികൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.