ജൈവമാലിന്യ സംസ്കരണത്തിന് വീടുകളിൽ ബൊക്കാഷി ബക്കറ്റുകൾ

തലശ്ശേരി : തലശ്ശേരി നഗരസഭ സമ്പൂർണ ഉറവിടമാലിന്യ സംസ്കരണപദ്ധതിയുടെ ഭാഗമായി ജൈവമാലിന്യ സംസ്കരണത്തിന് വീടുകളിൽ ബൊക്കാഷി ബക്കറ്റുകൾ നൽകുന്നു. നഗരസഭയിൽ 3000 ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്യും. ബക്കറ്റ്, ഇന്നോക്കുലം എന്നിവയ്ക്ക് 2840 രൂപയാണ് വില.
ഇതിന്റെ 10 ശതമാനം ഗുണഭോക്തൃവിഹിതമാണ്. 284 രൂപ ഗുണഭോക്താവ് നൽകണം. വാർഡ് സഭ അംഗീകരിച്ച ലിസ്റ്റിലുൾപ്പെട്ടവർക്ക് ആരോഗ്യവിഭാഗം ബക്കറ്റ് വിതരണം ചെയ്യും. ഒരു വാർഡിൽ 55 യൂണിറ്റ് നൽകും. പദ്ധതിയുടെ ആകെ അടങ്കൽ 85,20,000 രൂപയാണ്. 8,52,000 രൂപ ഗുണഭോക്തൃവിഹിതമാണ്.
48,81,960 രൂപ കേന്ദ്രവിഹിതവും 27,86,040 രൂപ സംസ്ഥാന വിഹിതവുമാണ്. ഡിസംബർ 31-നകം ബക്കറ്റ് വിതരണം പൂർത്തിയാക്കും. 2022-2023 വാർഷികപദ്ധതിയിലുൾപ്പെടുത്തിയ പദ്ധതിയാണിത്. ഡി.പി.ആറിൽ ഉൾപ്പെടാതതിനെ തുടർന്ന് കഴിഞ്ഞവർഷം പദ്ധതി നടപ്പാക്കാനായില്ല.
ഡി.പി.ആറിൽ ഭേദഗതി വരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ഇത്തവണത്തെ പദ്ധതിയിൽ ഉറവിടമാലിന്യ സംസ്കരണ ഉപാധികളാണ് നൽകുന്നത്.
നൽകിയത് 120 പേർക്ക്
120 പേർക്ക് ബക്കറ്റ് നൽകി. തലശ്ശേരി ടൗൺഹാളിൽ നടന്ന ചടങ്ങിൽ ബക്കറ്റ് ഉപയോഗിക്കേണ്ട വിധവും പരിചയപ്പെടുത്തി. നഗരസഭാ ചെയർപേഴ്‌സൺ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി.സാഹിറ അധ്യക്ഷയായി. നഗരസഭാ കൗൺസിലർമാരായ കെ.വി.വിജേഷ്, എ.ടി.ഫിൽഷാദ്, നഗരസഭ ക്ലീൻസിറ്റി മാനേജർ കെ.പ്രമോദ്, രാജീവ് എന്നിവർ സംസാരിച്ചു.
ബൊക്കാഷി ബക്കറ്റുകൾ
രണ്ട് ബക്കറ്റുകൾ ചേർന്ന ഒരു യൂണിറ്റാണ് ഗുണഭോക്താവിന് നൽകുക.
ഒരു ബക്കറ്റിൽ മാലിന്യം നിറഞ്ഞാൽ അടുത്തതിലിടാം.
നാല് പേരുള്ള ഒരു കുടുംബത്തിന് 15 ദിവസം വരെ ഒരുബക്കറ്റിൽ മാലിന്യമിടാൻ കഴിയും.
നിശ്ചിതദിവസം കഴിഞ്ഞാൽ മാലിന്യം വളമായി ഉപയോഗിക്കാം.