പുരാവസ്തു തട്ടിപ്പ്: സുധാകരന് പത്ത് ലക്ഷം ലഭിച്ചു, തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്

Share our post

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ പുരാവസ്തുതട്ടിപ്പ് കേസില്‍ അന്വേഷണം വേഗത്തിലാക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്.

രണ്ടാംപ്രതിയായി ചേര്‍ക്കപ്പെട്ട കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലില്‍ നല്‍കിയ മറുപടികള്‍ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും. ഇതിനുശേഷം അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്യലിന് വിളക്കണോ എന്നതടക്കമുള്ള തീരുമാനമുണ്ടാകും.

കെ. സുധാകരന്‍ പത്തുലക്ഷം രൂപവാങ്ങിയെന്നതിന് കൃത്യമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ അവകാശവാദം. ഇത് ശരിവെക്കുന്ന സാക്ഷികളുടെ രഹസ്യമൊഴികള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്.

ഈ ആത്മവിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച് കേസുമായി മുന്നോട്ടുപോകുന്നതും ചോദ്യംചെയ്യാന്‍ വിളിപ്പിച്ച സുധാകരനെ അറസ്റ്റ് ചെയ്യുന്നതും.

പരാതിക്കാരനായ അനൂപ് നല്‍കിയ 25 ലക്ഷത്തില്‍ 15 ലക്ഷം രൂപ മോന്‍സനും പത്തുലക്ഷം കെ. സുധാകരനും വാങ്ങി. പുരാവസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

കേസില്‍ സുധാകരന്റെ പരിചയക്കാരനും മോന്‍സന്റെ മുന്‍ജീവനക്കാരനായ എബിനേയും അടുത്തദിവസം തന്നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മൂവരും ചേര്‍ന്നുള്ള ചില ഇടപാടുകളുടെ തെളിവുകളും തങ്ങളുടെ കൈവശമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ അവകാശവാദം.

കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെള്ളിയാഴ്ച ഏഴുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ വൈകീട്ട് 6.45-ഓടെ കെ.പി.സി.സി. പ്രസിഡന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

ഡിവൈ.എസ്.പി. വൈ.ആര്‍. റസ്റ്റമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹെക്കോടതി നിര്‍ദേശമുള്ളതിനാല്‍ 50,000 രൂപയുടെ ബോണ്ടിന്‍റെയും രണ്ട് ആള്‍ജാമ്യത്തിലും സുധാകരനെ വിട്ടയച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് പ്രതികരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!