സാമൂഹിക വിരുദ്ധർക്കായി ഒരു ബസ് സ്റ്റാൻഡ്

ഉളിക്കൽ : ബസ് സ്റ്റാൻഡ് പരിസരം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. ഷോപ്പിങ് കോംപ്ലക്സ് സ്റ്റെപ്പുകളിലും വരാന്തകളിലും പരസ്യ മദ്യപാനം വ്യാപകമാണ്. രാപകൽ ഭേദമില്ലാതെ എത്തുന്ന മദ്യപസംഘങ്ങൾ ഇവിടം കേന്ദ്രീകരിക്കുകയാണ്.
ഷോപ്പിങ് കോംപ്ലക്സിനോട് ചേർന്ന ബവ്കോ ഔട്ട്ലറ്റിൽ നിന്നും വാങ്ങുന്ന മദ്യം പലരും ഇവിടെ വച്ച് തന്നെ ഉപയോഗിക്കുകയാണ്. മദ്യക്കുപ്പികൾ, മിനറൽ വാട്ടർ കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയെല്ലാം ഇവിടെ പല സ്ഥലങ്ങളിലായി കൂട്ടിയിട്ടിട്ടുണ്ട്.
സ്റ്റാൻഡിലേക്ക് ബസ് കയറാറുണ്ടെങ്കിലും ട്രാക്കിൽ നിർത്തിയിടാതെ പോകുന്നതിനാൽ യാത്രക്കാർ ഇവിടെ ബസ് കാത്ത് നിൽക്കുന്നത് അപൂർവമാണ്.
റേഷൻ കട ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്സിൽ മദ്യപസംഘങ്ങൾ ആളുകൾക്ക് ഭീഷണിയായിരിക്കുകയാണ്. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ശക്തമാക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.