തെളിവുകൾ ശക്തം; മോൻസണുമായി സുധാകരന്‌ നിരന്തര സമ്പർക്കം

Share our post

കൊച്ചി : പുരാവസ്‌തു തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോൻസൺ മാവുങ്കലുമായി കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ വർഷങ്ങളായി നിരന്തരബന്ധം പുലർത്തിയതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന്‌ ലഭിച്ചതായി സൂചന. സുധാകരന്റെ അറസ്‌റ്റിലേക്കുവരെ നയിക്കുന്ന തെളിവുകൾ ലഭിച്ചെന്നാണ്‌ അറിയുന്നത്‌. പുരാവസ്‌തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ വെള്ളി പകൽ 11ന്‌ കളമശേരി ക്രൈംബ്രാഞ്ച്‌ ഓഫീസിലാണ്‌ സുധാകരനെ ചോദ്യം ചെയ്യുന്നത്‌.

എം.പി ആകുന്നതിനുമുമ്പ്‌ 2018ലും 2019ൽ എം.പിയായശേഷവും സുധാകരൻ മോൻസണുമായി നിരന്തരസമ്പർക്കം പുലർത്തിയതിന്റെ ഡിജിറ്റൽ തെളിവുകളും ഫോൺവിളി വിവരങ്ങളും അന്വേഷകസംഘം കണ്ടെത്തി. മോൻസൺ അറസ്‌റ്റിലായ 2021 വരെയും സുധാകരൻ അടുത്തബന്ധം തുടർന്നിരുന്നു. മോൻസണിന്റെ ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ എന്നിവയിൽനിന്നടക്കമാണ്‌ ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്‌. 2018ൽ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ താമസിച്ചപ്പോഴുള്ള ചിത്രങ്ങളും ദൃശ്യങ്ങളുമുണ്ട്‌. 2019ൽ സുധാകരൻ എംപിയായശേഷവും മോൻസണിന്റെ വീട്ടിൽ വന്നതിന്റെ ചിത്രങ്ങളും ലഭിച്ചതായാണ്‌ സൂചന. ചില പൊതു പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ സമയത്താണ്‌ സുധാകരൻ മോൻസണിനെ സന്ദർശിച്ചത്‌. ഈ പരിപാടികളുടെ തീയതിയും വിവരങ്ങളും അന്വേഷകസംഘം ശേഖരിച്ചു. മറ്റൊരു പരാതിക്കാരനായ തൃശൂർ സ്വദേശി അനൂപ്‌ മുഹമ്മദിനെയും ക്രൈംബ്രാഞ്ച്‌ ആസ്ഥാനത്തേക്ക്‌ വിളിപ്പിച്ചു.

അനൂപ്‌, മോൻസണിന്‌ 25 ലക്ഷം രൂപ നൽകിയിരുന്നു. ഇതിന്‌ സുധാകരൻ ഇടനില നിന്നതായാണ്‌ പരാതിയിലുള്ളത്‌. മോൻസണിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് കോഴിക്കോട്‌ പന്തീരങ്കാവ്‌ സ്വദേശി എം.ടി. ഷെമീറാണ്‌ പരാതി നൽകിയത്‌. സുധാകരൻ മോൻസണിന്റെ കൈയിൽനിന്ന്‌ 10 ലക്ഷം രൂപ വാങ്ങുന്നത്‌ കണ്ടെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ക്രൈംബ്രാഞ്ച്‌ നടപടി. അനൂപ്‌ പോയശേഷം സുധാകരന്‌ 10 ലക്ഷം രൂപ മോൻസൺ കൈമാറിയെന്നാണ്‌ ദൃക്‌സാക്ഷികളുടെ മൊഴി.

എബിൻ സുധാകരന്റെ പി.എ, മോൻസണിന്റെ ജീവനക്കാരൻ

കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും യൂത്ത്‌ കോൺഗ്രസ്‌ നേതാവുമായ കാട്ടേത്ത്‌ വീട്ടിൽ എബിൻ എബ്രഹാമിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള തെളിവുകളും ചോദ്യംചെയ്യലിൽ നിർണായകമാകും. എബിനാണ്‌ സുധാകരനെ മോൻസണുമായി പരിചയപ്പെടുത്തിയത്‌. ഇയാൾ തന്റെ പി.എ ആണെന്ന്‌ സുധാകരൻതന്നെ വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷകസംഘം ശേഖരിച്ചതായി സൂചനയുണ്ട്‌. മോൻസണിന്റെ ജീവനക്കാരനായി ഇയാൾ വൻതുക ശമ്പളമായി വാങ്ങിയിരുന്നു. ഇതിന്റെ ബാങ്ക്‌ അക്കൗണ്ട്‌ രേഖകളടക്കം കേസിൽ തെളിവാകും. ജീവനക്കാരുടെ സാലറി അക്കൗണ്ടുകളിൽനിന്നാണ്‌ മോൻസൺ എബിന്‌ പണം നൽകിയത്‌.

പരാതിക്കാരായ തൃശൂർ സ്വദേശി അനൂപ്‌ മുഹമ്മദിനെയും കോഴിക്കോട്‌ സ്വദേശി എം.ടി. ഷെമീറിനെയും എബിൻ എബ്രഹാം സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തായിരുന്നു. കേസിലെ നിർണായക സാക്ഷി ഡ്രൈവർ അജിത്തിനെയും എബിൻ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളും അന്വേഷകസംഘത്തിന്റെ പക്കലുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!