തിരുവനന്തപുരം : വിദ്യാർഥികളിൽ പകർച്ചപ്പനി പ്രതിരോധം സംബന്ധിച്ച അവബോധം വളർത്താൻ വെള്ളിയാഴ്ച സംസ്ഥാനത്തെ സ്കൂളുകളിൽ ആരോഗ്യ അസംബ്ലി സംഘടിപ്പിക്കും. ശുചീകരണവും സംഘടിപ്പിക്കും. ഡ്രൈഡേ ആചരണത്തിന്റെ ഭാഗമായാണിത്. ആരോഗ്യ, തദ്ദേശ, പൊതുവിദ്യാഭ്യാസ മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ആരോഗ്യ അസംബ്ലിയുടെ സംസ്ഥാന ഉദ്‌ഘാടനം വെള്ളി രാവിലെ ഒമ്പതിന് തിരുവനന്തപുരം പേരൂർക്കട ഗവ. ഗേൾസ് ഹൈസ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
ആരോഗ്യ പ്രവർത്തകർ സ്‌കൂളുകൾ സന്ദർശിച്ച് മാർഗനിർദേശങ്ങൾ നൽകും. ഒരു ക്ലാസിൽ അഞ്ചിൽ കൂടുതൽ കുട്ടികൾ പനിബാധിച്ച് ഹാജരാകാതിരുന്നാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ശനിയാഴ്ച സർക്കാർ, സ്വകാര്യ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണം നടത്തും. തദ്ദേശസ്ഥാപനങ്ങളിൽ വിവിധ വകുപ്പ് പ്രതിനിധികളുടെ സംയുക്തയോഗം അടുത്തയാഴ്ച ചേരും. തദ്ദേശം, തൊഴിൽ, കൃഷി, ക്ഷീരവികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർ ഈ യോഗത്തിൽ പങ്കെടുക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്, തദ്ദേശമന്ത്രി എം.ബി. രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത് എഴുപതിനായിരത്തിലധികം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കഴിഞ്ഞവർഷം ഇത് എൺപതിനായിരത്തിലധികമായിരുന്നു. ഇടവിട്ടുള്ള മഴയാണ് കൊതുകിന്റെ പ്രജനനത്തിനും ഡെങ്കിപ്പനിയ്ക്കും കാരണമാകുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
മേയിൽതന്നെ പനി പ്രതിരോധത്തിനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചിരുന്നു. ജില്ലകളിൽ പനി കൂടുതലുള്ള ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തിയാണ് പ്രതിരോധം ഉറപ്പാക്കുന്നത്. എലിപ്പനി സാധ്യത കൂടുതലുള്ള വിഭാഗങ്ങളായ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ, ക്ഷീരകർഷകർ തുടങ്ങിയവർ കൂടുതൽ ജാഗ്രത പുലർത്തണം. ആൾത്താമസമില്ലാത്ത വീടുകൾ, പറമ്പുകൾ എന്നിവ ഉടമകൾ വൃത്തിയായി സൂക്ഷിക്കണം. ഇത് ചെയ്യാത്തവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമംപ്രകാരം നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യ അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന സന്ദേശത്തിൽ ഉൾപ്പെടുത്തേണ്ടത്
മഴക്കാലത്ത് കൊതുക് ജന്യ രോഗങ്ങളായ ഡെങ്കി, സിക്ക എന്നിവയും ഇൻഫ്‌ളുവൻസ തുടങ്ങിയ രോഗങ്ങളും പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട്.
ഇത് പകർച്ചപ്പനിയുടെ കാലമാണ്. പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കണം.
പനിയുണ്ടെങ്കിൽ മാതാപിതാക്കളേയോ /രക്ഷിതാക്കളെയോ/ അധ്യാപകരെയോ അറിയിക്കണം.
പനി ചികിസിക്കണം, ഡോക്ടറുടെ അടുത്ത്പോയി ചികിത്സിക്കണം .
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം.
കെട്ടികിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങരുത്.
കൈകാലുകളിൽ മുറിവ് ഉണ്ടെങ്കിൽ മണ്ണിലിറങ്ങരുത്, ചെളിയിലോ കെട്ടിക്കിടക്കുന്ന വെള്ളമായോ സമ്പർക്കം അരുത്.
ഇൻഫ്ളുവൻസ രോഗം പകരാതിരിക്കാൻ മാസ്ക് ധരിക്കുന്നതാണ് നല്ലത്.
കൊതുക് മുട്ടയിട്ട് കൂത്താടി വരുന്നത് കെട്ടികിടക്കുന്ന വെള്ളത്തിലായതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പടർത്തുന്നത്.
കൊതുകുകളുടെ ഉറവിടങ്ങളായ കെട്ടികിടക്കുന്ന വെള്ളം സ്‌കൂളുകളിൽ ഉണ്ടെങ്കിൽ അധ്യാപകരെയും വീട്ടിലാണെങ്കിൽ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ അറിയിക്കണം.
പരിസരവും വൃത്തിയായി സൂക്ഷിക്കണം, ഇതിൽ മാതാപിതാക്കൾ ആവശ്യപ്പെടുന്ന ചെറിയ സഹായങ്ങൾ അവരുടെ സാമിപ്യത്തിലും നിരീക്ഷണത്തിലും ചെയ്യുന്നത് നല്ലതാണ്.
വീടുകളിലെ ചെടികൾക്കിടയിലെ ട്രേ, ഫ്രിഡ്ജിനടിയിലെ ട്രേ, എന്നിവിടങ്ങളിൽ കൊതുകുകളുടെ കൂത്താടികൾ വളരും, മാതാപിതാക്കളെ അറിയിച്ച് അവ ഒഴിവാക്കുന്നതിന് അഭ്യർത്ഥിക്കണം.
കിളികളും, വവ്വാലുകളും കഴിച്ചതിന്റെ ബാക്കി പഴങ്ങൾ കഴിക്കരുത് .
വൃത്തിയായി കഴുകിയ ശേഷം മാത്രമേ അല്ലാത്ത പഴവർഗ്ഗങ്ങൾ കഴിക്കാൻ പാടുള്ളു.
കുട്ടികൾക്ക് പനിയോ ക്ഷീണമോ ഉണ്ടെങ്കിൽ അധ്യാപകരെ അറിയിക്കാൻ മടിക്കരുത് .
പനിയെ പേടിക്കേണ്ട, നമുക്ക് ശ്രദ്ധയോടെ പ്രതിരോധിക്കാം.