റിസോർട്ടിലെ സംഘർഷം; പ്രതികൾ മുൻകൂർ ജാമ്യം തേടി

തലശ്ശേരി: റിസോർട്ടിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് കരിക്കോട്ടക്കരി പൊലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്നാരോപിച്ച് അഞ്ച് പേർ തലശ്ശേരി ജില്ല സെഷൻസ് കോടതിയിൽ അഡ്വ. പി. രാജൻ മുഖേന മുൻകൂർ ജാമ്യഹരജി സമർപ്പിച്ചു.
വാണിയംപാറ സ്വദേശികളായ ടി.ടി. ജോസഫ്, വിനോദ്, രാജു തോമസ്, ഡാർവി ചാക്കോ, കാഞ്ഞങ്ങാട് സ്വദേശി ബെന്നി എന്നിവരാണ് മുൻകൂർ ജാമ്യഹരജി സമർപ്പിച്ചത്. ജൂൺ എട്ടിന് രാത്രി പത്ത് മണിയോടെ അയ്യംകുന്ന് പറക്കാമലയിലാണ് കേസിനാധാരമായ സംഭവം.
കിഴക്കോട്ടിൽ രഗിനേഷ് രാജന്റെ പരാതിയിലാണ് കരിക്കോട്ടക്കരി പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരാവുന്ന ജില്ല ഗവ. പ്ലീഡർ അഡ്വ. കെ. അജിത്ത് കുമാർ കോടതി മുമ്പാകെ ബോധിപ്പിച്ചു.
ജില്ല സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുമ്പാകെയാണ് ഹരജി പരിഗണിക്കുന്നത്. എട്ടിന് നടന്ന സംഭവത്തിൽ 10നാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്.
90 പേർക്കാണ് ഭക്ഷണം ഏർപ്പാടാക്കിയിരുന്നത്. എന്നാൽ അതിൽ കൂടുതൽ പേർ കഴിച്ചെന്നുള്ളതും അമിത വില ഈടാക്കിയതും സംബന്ധിച്ചുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.