പുരാവസ്‌തു തട്ടിപ്പ് കേസ്: കെ. സുധാകരൻ അറസ്റ്റിൽ

കൊച്ചി : മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്‌തു തട്ടിപ്പുകേസിൽ രണ്ടാം പ്രതിയായ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അറസ്റ്റിൽ. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.
കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ കെ. സുധാകരനെ ജാമ്യത്തിൽ വിടും. എം.പി ആകുന്നതിനുമുമ്പ് 2018ലും 2019ൽ എംപിയായശേഷവും സുധാകരൻ മോൻസണുമായി നിരന്തരസമ്പർക്കം പുലർത്തിയതിന്റെ ഡിജിറ്റൽ തെളിവുകളും ഫോൺവിളി വിവരങ്ങളും അന്വേഷകസംഘം കണ്ടെത്തിയിരുന്നു. മോൻസൺ അറസ്‌റ്റിലായ 2021 വരെയും സുധാകരൻ അടുത്തബന്ധം തുടർന്നിരുന്നു. മോൻസണിന്റെ ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ എന്നിവയിൽനിന്നടക്കമാണ് ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്. 2018ൽ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ താമസിച്ചപ്പോഴുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
2019ൽ സുധാകരൻ എം.പിയായശേഷവും മോൻസണിന്റെ വീട്ടിൽ വന്നതിന്റെ ചിത്രങ്ങളും ലഭിച്ചതായാണ് സൂചന. ചില പൊതു പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ സമയത്താണ് സുധാകരൻ മോൻസണിനെ സന്ദർശിച്ചത്. ഈ പരിപാടികളുടെ തീയതിയും വിവരങ്ങളും അന്വേഷക സംഘം ശേഖരിച്ചു.