രണ്ട് മാൻ കൊമ്പുകൾക്ക് പറഞ്ഞുറപ്പിച്ചത് 20 ലക്ഷം; കാറിൽ കടത്തുന്നതിനിടെ മുഹമ്മദലിക്കും ഉമ്മറിനും പണി കിട്ടി

Share our post

നിലമ്പൂർ: കാറിൽ കടത്തുകയായിരുന്ന രണ്ട് മാൻകൊമ്പുകളുമായി രണ്ട് പേർ അറസ്റ്റിൽ. നിലമ്പൂർ കൂറ്റംപാറ ചെറുതൊടി മുഹമ്മദലി(34), മലയിൽ ഉമ്മർ (44) എന്നിവരാണ് അറസ്റ്റിലായത്.ലക്ഷങ്ങൾ വില പറഞ്ഞുറപ്പിച്ച് വിൽപ്പനയ്ക്കായി യാത്ര ചെയ്യുമ്പോഴാണ് ഇവർ പിടിയിലായത്.

ജില്ലയിലെ മലയോരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആനക്കൊമ്പ്, മാൻകൊമ്പ് എന്നിവ ലക്ഷങ്ങൾ വില പറഞ്ഞുറപ്പിച്ച് കച്ചവടം നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.നിലമ്പൂർ ഡി.വൈ.എസ്‌.പി സാജു.കെ.എബ്രഹാം, വണ്ടൂർ എസ്.ഐ പി. ശൈലേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ ഈ സംഘത്തെ കുറിച്ചും ചില ഏജന്റുമാരെ കുറിച്ചും സൂചന ലഭിച്ചു.

വിശദമായ അന്വേഷണത്തിൽ പലഭാഗങ്ങളിൽ നിന്നും ആളുകൾ ഇടനിലക്കാരായി ഇവരെ സമീപിക്കുന്നതായും 20 ലക്ഷം രൂപ വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമിക്കുന്നതായും വിവരം കിട്ടി. വണ്ടൂർ പൊലീസും പെരിന്തൽമണ്ണ, നിലമ്പൂർ ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് വണ്ടൂർ മഞ്ചേരി റോഡിന് സമീപം കാറിനുള്ളിൽ ഒളിപ്പിച്ച മാൻ കൊമ്പുകളുമായി പ്രതികളെ പൊലീസ് പിടികൂടിയത്.

ഇവരുമായി ബന്ധമുള്ള ഏജന്റുമാർ,​ ഇടപാടുകാർ തുടങ്ങിയവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.വണ്ടൂർ എസ്.ഐ. ശൈലേഷ്‌കുമാർ,സി.പി.ഒമാരായ ജയേഷ്, അജേഷ് എന്നിവരും പെരിന്തൽമണ്ണ, നിലമ്പൂർ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളും പൊലീസ് സംഘത്തിലുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!