രണ്ട് ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി

കണ്ണൂർ: ജില്ലാ ശുചിത്വ എൻഫോഴ്സ്മെന്റ് ടീം ആലക്കോട്, നടുവിൽ, പരിയാരം പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. ആലക്കോട് പഞ്ചായത്തിലെ തേർത്തല്ലിയിൽ പ്രവർത്തിക്കുന്ന ഡ്രീം ലാൻഡ് ഓഡിറ്റോറിയം മലിനജലം ജലാശയത്തിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തി.
കൂടാതെ നിരോധിച്ച ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കുകൾ ഓഡിറ്റോറിയത്തിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു സ്ഥാപനതിനെതിരെ 10000 രൂപ ഫൈൻ ചുമത്തി. നടുവിൽ പഞ്ചായത്തിലെ കരുവഞ്ചാലിൽ പ്രവർത്തിക്കുന്ന ഏത്തക്കാട്ട് ട്രെഡേഴ്‌സിൽ നിന്നും രണ്ട് ക്വിന്റലോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
സ്ഥാപനത്തിനെതിരെ 10000 രൂപ ഫൈൻ ചുമത്തി.മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ആലക്കോട് രയറോമിൽ പ്രവർത്തിക്കുന്ന പ്രഭാത് ബേക്കറി ക്കെതിരെയും ചില സ്വകാര്യവ്യക്തികൾക്കെതിരെയും നടപടി സ്വീകരിക്കുന്നതിനും പഞ്ചായത്തിന് നിർദ്ദേശം നൽകി.
പരിയാരം പഞ്ചായത്തിലെ കുമ്മായചൂളയിൽ പ്രവർത്തിക്കുന്ന മലൂഫ ഫ്രൂട്ട്സ് പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ കത്തിക്കുന്നതായും കണ്ടെത്തി. നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്തുകൾക്ക് നിർദേശം നൽകി ടീം ലീഡർ എം. വി.സുമേഷ് ,അംഗങ്ങളായ കെ. സിറാജുദ്ധീൻ, നിതിൻ വത്സലൻ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.