എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

കണ്ണൂർ: കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പിടിയിൽ. കൊയിലി ആശുപത്രിക്ക് സമീപം എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ പൊതുവാച്ചേരിയിലെ പി. അബ്ദുൽനാസർ (30), കണ്ണൂർ താവക്കര റെയിൽവേ അണ്ടർ ബ്രിഡ്ജിന് സമീപം വിൽപന നടത്തുന്നതിനിടെ കടലായി സ്വദേശി കെ. സമീർ (44), മഞ്ചേശ്വരം സ്വദേശി നസീർ (39) എന്നിവരാണ് പിടിയിലായത്.
ഇരുവരിൽ നിന്നു 13.35 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ഓപറേഷൻ ക്ലീൻ കണ്ണൂരിന്റെ ഭാഗമായി മയക്കുമരുന്ന് ഉപയോഗവും വിൽപനയും തടയുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് ശക്തമായ പരിശോധനകൾ നടത്തിവരുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്തി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.