മലബാർ മിൽമ ഇൻഷുറൻസ് വിതരണം ഇന്ന്
കണ്ണൂർ : മലബാർ മേഖലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ക്ഷീരകർഷകർക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യവിതരണം വ്യാഴാഴ്‌ച. ധർമ്മശാലയിലെ ഇന്ത്യൻ കോഫീ ഹൗസ് മിനി ഹാളിൽ പകൽ മൂന്നിന് നടക്കുന്ന ചടങ്ങിൽ മിൽമ ചെയർമാൻ കെ.എസ്. മണി വിതരണം നിർവഹിക്കും.
രാജ്യത്താദ്യമായാണ് നിശ്ചിത പരിധിക്കുമുകളിൽ അന്തരീക്ഷ താപനില ഉയർന്നാൽ പശുക്കൾക്കുണ്ടാകുന്ന ഉൽപ്പാദനക്കുറവ് മൂലമുളള സാമ്പത്തിക നഷ്ടം ലഘൂകരിക്കുന്നതിന് മലബാർ മിൽമ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്.
എയിംസ് ഇൻഷുറൻസ് ബ്രോക്കേഴ്സ് മുഖേന അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയുമായി ചേർന്ന് നടപ്പാക്കിയ പദ്ധതിയിൽ ജില്ലയിലെ 56 സംഘങ്ങളിൽനിന്നായി 1315 കർഷകർ 2278 പശുക്കളെ ചേർത്തു. 10 ദിവസത്തിൽ കൂടൂതൽ നിശ്ചയിച്ചതിനേക്കാൾ അന്തരീക്ഷ താപനില തുടർച്ചയായി നിന്നതിന്റെ ഇൻഷുറൻസ് പരിരക്ഷയായ 20,50,200 രൂപയാണ് പദ്ധതിയിൽ ചേർന്ന കർഷകർക്ക് ലഭിക്കുക. മലബാർ മിൽമക്ക് കീഴിലെ അംഗസംഘങ്ങളിലെ കർഷകരെയാണ് പദ്ധതിയിൽ അംഗങ്ങളാക്കിയത്.
ഏപ്രിൽ 10 മുതൽ മെയ് ഒമ്പതുവരെയുളള കാലയളവാണ് പരിഗണിച്ചത്. ജില്ലയിലെ നിശ്ചിത താപനില 34.5 ഡിഗ്രിയായിരുന്നു. പദ്ധതിയിൽ ചേരുന്നതിന് ഒരു പശുവിന് കർഷകന് 40 രൂപയാണ് ചെലവ് വന്നത്. 40 രൂപ യൂണിയനും വഹിച്ചു. 140 രൂപ മുതൽ 2000 രൂപ വരെയായിരുന്നു ഇൻഷുറൻസ് പരിരക്ഷ.