വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു, വ്യാജ ഒപ്പിട്ടു; അന്‍സില്‍ ജലീലിനെതിരെ ഗുരുതര വകുപ്പുകള്‍

തിരുവനന്തപുരം: കെ.എസ്.യു. സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരെ എഫ്.ഐ.ആറില്‍ ഗുരുതര വകുപ്പുകള്‍. ബി. കോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചുവെന്ന് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നു. കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ എടുത്ത കേസിലെ എഫ്.ഐ.ആറിലാണ് അന്‍സില്‍ ജലീല്‍ വ്യാജമായി സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്ന് പറയുന്നത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റമടക്കം അഞ്ചു വകുപ്പുകള്‍ ചേര്‍ത്താണ് അന്‍സിലിനെതിരെ കേസെടുത്തിരിക്കുന്നത്.
രജിസ്ട്രാറുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. സര്‍വകലാശാലയെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ജൂണ്‍ 14-ന് മുമ്പുള്ള ഏതോ ഒരു ദിവസം വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
വ്യാജമായി നിര്‍മിച്ച സര്‍ട്ടിഫിക്കറ്റ് അസലാണെന്ന വ്യാജേന ഉപയോഗിക്കണമെന്ന് ഉദ്ദേശിച്ചു. വൈസ് ചാന്‍സലറുടെ വ്യാജ ഒപ്പിട്ടുവെന്നും എഫ്.ഐ.ആറില്‍ പരാമര്‍ശമുണ്ട്. ഐ.പി.സിയുടെ 465, 466, 468, 471, 420 വകുപ്പുകളാണ് അന്‍സിലിനെതിരെ ചുമത്തിയിരിക്കുന്നത്.