വളാഞ്ചേരിയിലെ വിവാദ ഉദ്ഘാടനപരിപാടി; യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരേ പോലീസ് കേസെടുത്തു

Share our post

മലപ്പുറം: വളാഞ്ചേരിയിലെ വിവാദ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരേ പോലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തി, അശ്ലീലപദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്. ഉദ്ഘാടനപരിപാടി സംഘടിപ്പിച്ച ‘Pepe സ്ട്രീറ്റ് ഫാഷന്‍’ കടയുടെ ഉടമയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് വിവാദ പരിപാടിയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി, ഉച്ചത്തില്‍ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞദിവസമാണ് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വ്യാഴാഴ്ച പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് വളാഞ്ചേരിയില്‍ നടന്ന കട ഉദ്ഘാടനവും ഇതില്‍ പങ്കെടുത്ത ‘തൊപ്പി’യുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി കൗമാരക്കാരാണ് പരിപാടിയിലെ മുഖ്യാതിഥിയായ ‘തൊപ്പി’യെ കാണാന്‍ സ്ഥലത്ത് തടിച്ചുകൂടിയത്. ഇതുകാരണം ദേശീയപാതയില്‍ ഗതാഗതതടസ്സം നേരിട്ടതായും നാട്ടുകാര്‍ പറഞ്ഞിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!