സ്ത്രീ വിരുദ്ധതയും അശ്ലീല പ്രയോഗങ്ങളും തെറിവിളികളും: “തൊപ്പി’ക്കെതിരേ ഡി.ജി.പിക്ക് പരാതി

Share our post

കണ്ണൂർ: സമൂഹമാധ്യമങ്ങളിൽ വൈറലായ “തൊപ്പി’ യൂട്യൂബർക്കെതിരേ ഡി.ജി.പിക്ക് പരാതി. ഡി.ജി.പിയുടെ നിർദേശപ്രകാരം യൂട്യൂബർക്കെതിരേ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത്കുമാർ അന്വേഷണം ആരംഭിച്ചു.

യൂട്യൂബറായ കല്യാശേരി മാങ്ങാട് പള്ളി മുഹമ്മദ് നിഹാദിനെതിരേയാണ് പരാതി ലഭിച്ചിരിക്കുന്നത്. നിഹാദിന്‍റെ വീഡിയോയിലൂടെ അശ്ലീലവും സ്ത്രീവിരുദ്ധതയും നടത്തി കുട്ടികളെ വഴി തെറ്റിക്കുന്നതായാണ് പരാതി. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ യൂട്യൂബറാണ് “തൊപ്പി’. ആറുലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേഴ്സ് തൊപ്പിയുടെ യൂട്യൂബ് ചാനലിനുണ്ട്. ഗെയിമിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് തൊപ്പി കുട്ടികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഇതിനിടെ തൊപ്പിയുടെ വീഡിയോ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നു കാണിച്ച് അധ്യാപകർ രംഗത്തുവന്നിരുന്നു. പെൺകുട്ടികളെ മോശക്കാരായി ചിത്രീകരിക്കുക, അശ്ലീലം നിറഞ്ഞ വാക്കുകൾ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നതാണ് തൊപ്പിയുടെ വീഡിയോയെന്ന് അധ്യാപകർ പറയുന്നു.

“തൊപ്പി’ യുടെ വീഡിയോയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു അധ്യാപകൻ പങ്കുവെച്ച കുറിപ്പുകളും വൈറലായി. “സ്കൂൾ തുറന്നതു മുതൽ മൂന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളുടെ സ്വഭാവത്തിൽ വലിയ വ്യത്യാസം കണ്ടു. അന്വേഷിച്ചപ്പോൾ അത് തൊപ്പിയുടെ വീഡിയോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാണെന്ന് അധ്യാപകൻ പറയുന്നു.

കഴിഞ്ഞദിവസം മലപ്പുറം വളാഞ്ചേരിയിൽ ഒരു കടയുടെ ഉദ്ഘാടനത്തിന് “തൊപ്പി’ എത്തിയപ്പോൾ ആയിരക്കണക്കിന് കുട്ടികളാണ് തടിച്ചുകൂടിയത്. ഇതോടെയാണ് “തൊപ്പി’യെന്ന യൂട്യൂബർ കേരളത്തിൽ ശ്രദ്ധേയമായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!