തത്തയെ വളർത്തുന്നവർ സൂക്ഷിക്കുക? കാത്തിരിക്കുന്നത് ഏഴു വർഷം തടവും 50000 രൂപ പിഴയും

Share our post

മിക്ക ആളുകളും വീട്ടിൽ ഓമനിച്ച് വളർത്താൻ ഇഷ്ടപ്പെടുന്ന പക്ഷിയാണ് തത്ത. അത്തരത്തിൽ വീട്ടിൽ വളർത്താൻ തത്തകളെ വാങ്ങുമ്പോൾ സൂക്ഷിച്ചില്ലെകിൽ ഇരുമ്പഴിക്കുള്ളിലാകും. കാരണം വില്ക്കപ്പെ‌ടുന്ന തത്തകളിൽ പലതും ഇന്ത്യൻ വന്യജീവി നിയമത്തിന്റെ പരിധിയിൽ വരുന്നവയാണ് . ഇവയെ പിടിക്കാനോ കൂട്ടിലിട്ട് വളർത്താനോ പാടില്ല.

നാടൻ തത്ത ഇനങ്ങളായ റിംഗ് നെക്ക് പാരക്കീ​റ്റ്, മലബാർ പാരക്കീ​റ്റ്, അലക്‌സാൻഡ്രിൻ പാരക്കീ​റ്റ് (മലന്തത്ത), വെർണൽ ഹാംഗിംഗ് പാരക്കീ​റ്റ്, പ്ലംഹെഡ് പാരക്കീ​റ്റ് തുടങ്ങിയവ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുന്നവയാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ ഒമ്പതാം വകുപ്പനുസരിച്ച് ഇവയിൽ ഒന്നിനെയും വേട്ടയാടാനോ കൂടുകളിൽ പാർപ്പിക്കാനോ പാടില്ല.

പിടിക്കപ്പെട്ട് കു​റ്റം തെളിഞ്ഞാൽ കു​റ്റത്തിന്റെ തീവ്രതയനുസരിച്ച് 3 മുതൽ 7  വർഷം വരെ  തടവും 10,000 മുതൽ 50,000 വരെ രൂപ പിഴയും ലഭിക്കാം.1972ലാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്. നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പരുന്ത് വർഗങ്ങൾ, ജലാശയങ്ങളെ ആശ്രയിക്കുന്ന വെൺപകം, കരണ്ടിക്കൊക്ക് എന്നീ പക്ഷികളും, മലമുഴക്കി വേഴാമ്പൽ, ചിലതരം കാടകൾ എന്നിവയും ഉൾപ്പെടും.

കേരളത്തിലേക്ക് വിൽപനക്കായി അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ഇവയെ എത്തിക്കുന്നത്. 200 രൂപ മുതൽ വിലയിട്ടാണ് വില്പന. എളുപ്പം ഇണങ്ങുമെന്നതും വില കുറവുമാണ് ആളുകളെ ആകർഷിക്കുന്നത്. അംഗീകൃത പെറ്റ്ഷോപ്പുകളിൽ വില്ക്കപ്പെടുന്ന വിദേശയിനം തത്തകളെ വീട്ടിൽ വളർത്താം. ഇതിൽ നിയമ തടസങ്ങളൊന്നുമില്ല.

പക്ഷികളെ പിടിക്കുന്നതു മാത്രമല്ല കൊല്ലുക, തോലെടുക്കുക, മുട്ടകൾ നശിപ്പിക്കുക, ആവാസവ്യവസ്ഥ തകർക്കുക, കൂട് നശിപ്പിക്കുക എന്നിവയെല്ലാം നിയമലംഘനമാണ്. അടുത്തിടെ കാക്കയെയും ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!