കണ്ണൂരിൽ കോൺഗ്രസ്‌ വിമതർക്ക്‌ പുതിയ വേദി

Share our post

കണ്ണൂർ : ഡി.സി.സി നേതൃത്വത്തെ വെല്ലുവിളിച്ചതിന്‌ കണ്ണൂരിൽ കോൺഗ്രസിൽനിന്ന്‌ പുറത്താക്കിയവരും വിമതരും അസംതൃപ്‌തരും പുതിയ വേദിക്ക്‌ രൂപം നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലം യു.ഡി.എഫ്‌ സ്ഥാനാർഥിയും ഡി.സി.സി സെക്രട്ടറിയുമായിരുന്ന സി. രഘുനാഥ്‌, കോർപ്പറേഷൻ വികസന സ്ഥിരംസമിതി ചെയർമാൻ  പി.കെ. രാഗേഷ്‌ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗം രാജീവ്‌ജി കൾച്ചറൽ ഫോറത്തിന്‌ രൂപംനൽകി. കോൺഗ്രസിൽനിന്ന്‌ പുറത്താക്കിയ മമ്പറം ദിവാകരൻ യോഗത്തിനെത്തിയില്ലെങ്കിലും പിന്തുണ പ്രഖ്യാപിച്ചു.  സത്യൻ  നരവൂർ, എൻ. രാമകൃഷ്‌ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തളിപ്പറമ്പ്‌, കോടിയേരി, ചൊക്ലി ബാങ്ക്‌  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോൺഗ്രസിൽനിന്ന്‌ പുറത്താക്കിയവർ ഉൾപ്പെടെ അറുപതോളം നേതാക്കൾ യോഗത്തിനുണ്ടായി. കോൺഗ്രസ്‌ പുനഃസംഘടനയുടെ ഭാഗമായി നാല്‌ ഗ്രൂപ്പുകളും കണ്ണൂരിൽ യോഗം ചേർന്നിരുന്നുവെന്നും ഗ്രൂപ്പുകളിലൊന്നും  ഉൾപ്പെടാത്തവരുടെ  യോഗമാണ്‌ ഇപ്പോൾ നടന്നതെന്നും  സി. രഘുനാഥ്‌ പറഞ്ഞു. പാർടിയിൽനിന്ന്‌ ആളുകളെ പുറത്താക്കാനുള്ള സംവിധാനമായി ഡി.സി.സി മാറി. ഇതിനുമാത്രമായി ഒരു സംഘടനാ ജനറൽ സെക്രട്ടറിയുണ്ടെന്നും രഘുനാഥ്‌ ആരോപിച്ചു. ജനറൽ സെക്രട്ടറി നൽകുന്ന കടലാസിൽ ഒപ്പുവയ്‌ക്കുകമാത്രമാണ്‌ ഡിസിസി പ്രസിഡന്റിന്റെ ചുമതല. രണ്ട്‌ വർഷത്തിനിടെ ആയിരത്തോളം പേരെ പാർടിയിൽനിന്ന്‌ പുറത്താക്കി. ഇവർക്കെല്ലാമുള്ള വേദിയാണ്‌ രാജീവ്‌ജി കൾച്ചറൽ ഫോറം. സംസ്ഥാനതലത്തിലും ഇത്തരമൊരു സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ്‌.  നിയോജക മണ്ഡലങ്ങളിലും വേദിയുണ്ടാക്കും. ഇതുമായി ബന്ധപ്പെട്ട ജില്ലാ കൺവൻഷൻ ഉടൻ ചേരും.
പള്ളിക്കുന്ന്‌ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പ്‌ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ഡിസിസി നേതൃത്വം രാജിവയ്‌ക്കേണ്ടതായിരുന്നു. ഈ നേതൃത്വം തുടരുകയാണെങ്കിൽ അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ  ബൂത്തിലിരിക്കാൻപോലും ആളുണ്ടാകില്ല.

കോർപ്പറേഷൻ മേയറെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺഗ്രസ്‌ പാർലമെന്ററി പാർടി യോഗം വിളിച്ചപ്പോൾ 12 പേർ പിന്തുണച്ചത്‌ പി കെ രാഗേഷിനെയായിരുന്നു. മാർട്ടിൻ ജോർജ്‌ മേയറാകാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ്‌ പ്രശ്‌നം തുടങ്ങിയത്‌. തോൽക്കുമെന്ന്‌ ഉറപ്പായതോടെ  മാർട്ടിൻ ജോർജ്‌, ടി ഒ മോഹനനൊപ്പം  നിൽക്കുകയായിരുന്നു.

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‌  സിഡിസി നേതൃത്വത്തെ നിയന്ത്രിക്കാനാകുന്നില്ല.  പി കെ രാഗേഷ്‌ ഉൾപ്പെടെ സമാന ചിന്തഗതിക്കാർ ഒത്തുചേർന്നാൽ കണ്ണൂർ കോർപ്പറേഷനിലും കണ്ണൂർ, അഴീക്കോട്‌  നിയമസഭാ മണ്ഡലങ്ങളിലും  യുഡിഎഫിന്‌  പ്രശ്‌നമാകുമെന്നും രഘുനാഥ്‌ പറഞ്ഞു.

Read more: https://www.deshabhimani.com/news/kerala/congress-rebels-kannur/1099308


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!