കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പറക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2022ൽ മാത്രം 770000 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉപരി പഠനത്തിനും ജോലിക്കുമായി കടൽ കടന്നത്. എന്നാൽ ഇതിൽ എത്രപേർക്ക് തങ്ങളുടെ ലക്ഷ്യം വിജയകരമായി പൂർത്താകരിക്കാൻ കഴിയുന്നുവെന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മൾ നിരാശരാകേണ്ടി വരും. കാരണം, പഠനം പൂർത്തീകരിക്കപ്പെട്ട വലിയ അളവിലുള്ള വിദ്യാർത്ഥി സമൂഹം മികച്ച ജോലിക്കായി വിദേശ രാജ്യങ്ങളിൽ പാടുപെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വൻ പ്രതീക്ഷകളുമായി വിദേശത്തേക്ക് ചേക്കേറുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രതിബന്ധമാകുന്നത് ആഗോള സാമ്പത്തിക തകർച്ച തന്നെയാണ്. പല രാജ്യങ്ങളിലും എൻട്രി ലെവലിലുള്ള തൊഴിൽ സാദ്ധ്യതകൾ കുറഞ്ഞുവരികയാണ്. സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് തുടങ്ങിയ മേഖലകളിൽ ബിരുദവും ബിരുദാനന്തര ബിരുദവുംനേടിയവർ പോലും കൊവിഡാനന്തര കാലഘട്ടത്തിൽ തൊഴിൽ ക്ഷാമം നേരിടുന്നുണ്ട്. പല കമ്പനികളും വ്യാപകമായി പിരിച്ചുവിടൽ നടപടികൾ തുടരുകയാണ്. വിലക്കയറ്റം, ആഭ്യന്തര തലത്തിൽ നേരിടുന്ന തൊഴിലില്ലായ്‌മ, ജീവിതച്ചെലവ് എന്നീ ഘടകങ്ങളും വിദ്യാർത്ഥികൾക്ക് വെല്ലുവിളിയാകുന്നുണ്ടത്രേ.
അമേരിക്ക, സിംഗപ്പൂർ, യുകെ, അയർലണ്ട്, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ ടോപ് ടയർ കോളേജുകളിൽ നിന്ന് കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ പലരും തങ്ങൾ പഠിച്ചതിൽ നിന്ന് വിഭിന്നമായ ജോലി തിരയുകയോ, അല്ലെങ്കിൽ ഗൾഫ് രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുകയോ ചെയ്യുന്നു. അവിടെയും രക്ഷയില്ലാത്ത മറ്റൊരു വിഭാഗം ഇന്ത്യയിലേക്ക് തിരികെ വരുന്നുമുണ്ട്.
ഇന്ത്യക്കാരുടെ ഇഷ്ടയിടങ്ങൾആഗോളതലത്തിൽ 240 രാജ്യങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കേന്ദ്ര വിദേശകാര്യമന്ത്രാലയം ഈ വർഷമാദ്യം രാജ്യസഭയെ അറിയിച്ചതാണിത്. യു.കെ, യു.എസ്, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ യുവത്വത്തിന്റെ ഇഷ്ടയിടങ്ങൾ. എന്നാൽ ഉസ്‌ബക്കിസ്ഥാൻ, ഫിലിപ്പീൻസ്, റഷ്യ, അയർലണ്ട്, കിർഗിസ്ഥാൻ, കസാഖ്‌സ്ഥാൻ എന്നിവിടങ്ങളിലേക്കും വിദ്യാർത്ഥികൾ പറക്കുന്നുണ്ട്. റിപ്പോർട്ട് പ്രകാരം, 2022ൽ മാത്രം 7.7ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് പോയിട്ടുണ്ട്. 2017ൽ ഇത് 4.5 ലക്ഷവും, 2020ൽ 2.6 ലക്ഷവുമായിരുന്നു.
കൊവിഡ് സാഹചര്യങ്ങളാണ് 2020ൽ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ ഇടയാക്കിയത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികൾ പഠിക്കുന്ന രാജ്യമായി ഇന്ത്യ 2022ൽ മാറുകയും ചെയ‌്തു. ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. യുഎസ് അടക്കമുള്ളിടത്തേക്ക് പോകുന്ന വിദ്യാർത്ഥികളിൽ പലരും അവിടത്തെ ചെലവ് താങ്ങാൻ കഴിയാതെ ബന്ധുക്കളുടെ കൂടെയാണ് താമസിക്കുന്നത്. ഓരോ ദിവസവും അത്യധ്വാനം ചെയ‌്താണ് മുന്നോട്ടുപോകുന്നതെന്ന് 22കാരനായ ഒരു വിദ്യാർത്ഥി പറയുന്നു. എൻട്രി ലെവൽ ജോലികളെല്ലാം മുൻഗണന ലഭിക്കുന്നത് തദ്ദേശീയർക്കാണെന്നും ഇയാൾ വെളിപ്പെടുത്തുന്നു. ഇന്റേൺഷിപ്പിനുള്ള അവസരവും മറ്റു രാജ്യക്കാർക്ക് അമേരിക്കയിൽ കുറഞ്ഞു വരികയാണ്. കമ്പനികൾ പ്രഥമ പരിഗണന നൽകുന്നത് സ്വദേശികൾക്ക് മാത്രമാണത്രേ. സിംഗപ്പൂരിലെയും അവസ്ഥ ഇതുതന്നെയാണ്. രാജ്യത്തെ കമ്പനികളിൽ പലതും തദ്ദേശിയരെ മാത്രമാണ് ജോലിക്കെടുക്കുന്നത്. ലോക്കൽ ഭാഷകളിലെ പ്രാവീണ്യമാണ് ഇന്ത്യക്കാരടക്കമുള്ളവർക്ക് വിലങ്ങു തടിയാകുന്നത്. കോഴ്‌സ് പൂർത്തിയാക്കുന്നവരിൽ നാമമാത്രമായവർക്കാണ് മികച്ച തൊഴിൽ ലഭിക്കുന്നത്. മറ്റുള്ളവർ ജോലി തിരഞ്ഞ് മടുക്കുമ്പോൾ സ്വന്തം രാജ്യത്തേക്ക് തന്നെ മടങ്ങുകയാണ്.